ബംഗ്ലാദേശിൽ ഖഗ്രചാരിയിലുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. സൈനികരടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. ഗോത്രവർഗ്ഗത്തിൽപെട്ട വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനം അക്രമാസക്തമാകുകയായിരുന്നു. ഗോത്രമേഖലയായ ഖഗ്രചാരിയിൽ ഇപ്പോഴും കനത്ത സംഘർഷാവസ്ഥ നിലനിൽക്കുക ആണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പോലീസിനെയും സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ആദിവാസിയായ ഒരു സ്കൂൾ വിദ്യാർത്ഥിനി ബലാത്സംഗത്തിന് ഇരയായെന്ന ആരോപണത്തെത്തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജുംമു സ്റ്റുഡൻ്റ്സ് എന്ന സംഘടനയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധം ഗോത്രവർഗ്ഗക്കാരും മറ്റ് വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി മാറുകയായിരുന്നു. മേഖലയിൽ എല്ലാ രീതിയിലുമുള്ള പ്രതിഷേധങ്ങളും റാലികളും ബംഗ്ലാദേശ് സർക്കാർ തടയുകയും നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഉടൻതന്നെ സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഉറപ്പ് നൽകിയിട്ടുണ്ട്. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അതുവരെ എല്ലാവരും ക്ഷമയും ശാന്തതയും പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു