ബ്രസീലിൽ സാവോ പോളോ നഗരത്തിലെ തിരക്കേറിയ ഒരു തെരുവിലാണ് വിമാനം തകർന്ന് വീണത്. വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. വിമാനത്തിൻ്റെ പൈലറ്റ് ഗുസ്‌താവേ കാർനേറോ മെഡിറോസ്, ഉടമ മാഴ്‌സിയോ ലുസാഡ കാർപെന്ന, യുട്യൂബ് ഇൻഫ്ലുവൻസർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

സാവോ പോളോ നഗരത്തിൽ പബ്ലിക് ബസ്സിന് സമീപത്താണ് വിമാനം വീണത്. അപകടത്തിൽ ബസ്സിലുണ്ടായിരുന്ന ചിലർക്കും മോട്ടോർ സൈക്കിൾ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ചെറിയ പരിക്കുകളേറ്റ നാല് പേരെയും സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വിമാന അപകടത്തിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. റോഡിലൂടെ കാറുകൾ ഉൾപ്പടെ പോകുന്നതിനിടെ വിമാനം തകർന്ന് വീഴുകയായിരുന്നു. ഫയർഫോഴ്‌സ് ഉൾപ്പടെ സംഭവസ്ഥലത്തേക്ക് എത്തി ഉടൻ തീയണച്ചു.

നിരവധി ഓഫീസുകളും ബസ്സ്, ട്രെയിൻ, സബ്വേ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അപകടമുണ്ടായത്. എന്നാൽ, വലിയ നാശനഷ്ടം അപകടത്തിൽ ഉണ്ടാകാത്തത് ആശ്വാസമായി. അതേസമയം, വിമാന അപകടത്തിൻ്റെ കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ബ്രസീലിയൻ എയർഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.

Related Posts