രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭ ശക്തമായ നിലയിൽ. ആദ്യദിനം കളി അവസാനിക്കുമ്പോൾ വിദർഭ 86 ഓവറിൽ നാലുവിക്കറ്റ് നഷ്‌ടത്തിൽ 254 റൺസെന്ന നിലയിലാണ്. തുടക്കത്തിലെ ഒരു മണിക്കൂറൊഴിച്ചാൽ പിന്നീട് വിദർഭയ്ക്കായിരുന്നു മത്സരത്തിൽ മേൽക്കൈ.
ആദ്യത്തെ ഒരു മണിക്കൂറിൽ പേസിനനുകൂലമായ പിച്ച് വന്നത് കേരളം മുതലെടുത്തു. 24 റൺസെടുത്തപ്പോഴേക്ക് വിദർഭയുടെ മൂന്നുപേരെ പുറത്താക്കി. പിന്നീട് ഡാനിഷ് മാലേവറുടെ സെഞ്ചുറിയും (259 പന്തിൽ 138*) കരുൺ നായരുടെ അർധ സെഞ്ചുറിയും (188 പന്തിൽ 86) വിദർഭയ്ക്ക് രക്ഷയായി.
പിടിച്ചുനിന്ന ഈ സഖ്യം കേരളത്തിൻ്റെ മേധാവിത്വം തകർത്തു. ടീം സ്കോർ 239-ൽ നിൽക്കേ, കരുൺ നായർ റണ്ണൗട്ടായി പുറത്താവുകയായിരുന്നു. മാലേവറും യഷ് താക്കൂറുമാണ് ക്രീസിൽ. എം.ഡി നിധീഷ് രണ്ടു വിക്കറ്റും ഏദൻ ആപ്പിൾ ടോം ഒരു വിക്കറ്റും വീഴ്ത്തി.
കളിയാരംഭിച്ച് രണ്ടാം പന്തിൽ തന്നെ കേരളം വിക്കറ്റ് വേട്ട തുടങ്ങി. വിദർഭയുടെ പാർഥ് രേഖാഡെയെ (0) എം.ഡി നീധീഷ് വിക്കറ്റിനു മുന്നിൽ കുടുക്കുകയായിരുന്നു. ഏഴാം ഓവറിൽ ദർശൻ നൽക്കാണ്ടെയെ (1) നിധീഷ്, ബേസിലിൻ്റെ കൈകളിലെത്തിച്ചു.
തുടർന്ന് ടീം സ്കോർ 24-ൽ നിൽക്കേ 35 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ധ്രുവ് ഷോറെയെ 19-കാരൻ ഏദൻ ആപ്പിൾ ടോം പുറത്താക്കി. നേരത്തേ വിദർഭയ്ക്കെതിരേ ടോസ് നേടിയ കേരളം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.