അമേരിക്കൻ പൗരത്വം അനായാസം ലഭിക്കാൻ അവസരമൊരുക്കുന്ന പദ്ധതിയുമായി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. അതിസമ്പന്നരായ വിദേശികൾ 5 മില്യൺ അമേരിക്കൻ ഡോളർ (43.5 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ചാൽ പൗരത്വത്തിലേക്ക് വഴിതുറക്കുന്ന ഗോൾഡ് കാർഡ് പദ്ധതിയാണ് ട്രംപ് നടപ്പിലാക്കാനൊരുങ്ങുന്നത്.
പദ്ധതിയുടെ വിവരങ്ങൾ രണ്ടാഴ്ചയ്ക്കകം പുറത്തുവിടും. അമേരിക്കൻ പൗരത്വം വാഗ്ദാനം ചെയ്യുന്ന പത്ത് ലക്ഷം ഗോൾഡ് കാർഡുകൾ വിറ്റഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ട്രംപ് പറഞ്ഞു. വൻതുക നിക്ഷേപിച്ചാൽ അമേരിക്കയിൽ ജോലി ലഭിക്കുകയും തുടർന്ന് രാജ്യത്ത് സ്ഥിര താമസത്തിനുള്ള അനുമതിയും ലഭിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അമേരിക്കൻ വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്തുന്നവർക്കുള്ള ഇ.ബി 5 പദ്ധതിക്ക് പകരമായാണ് ഗോൾഡ് കാർഡ് അവതരിപ്പിക്കുന്നത്. അഞ്ച് മില്യൺ അമേരിക്കൻ ഡോളറായിരിക്കും കാർഡിൻ്റെ വില. കാർഡുള്ളവർക്ക് ഗ്രീൻ കാർഡിൻ്റെ ആനുകൂല്യങ്ങൾ ലഭിക്കും. തുടർന്ന് അവർക്ക് പൗരത്വത്തിലേക്കുള്ള വഴി തെളിയും.