കൊല്‍ക്കത്തയിലെ അഹിരിതോളയിൽ വാക്കു തര്‍ക്കത്തിനിടെ ഭര്‍തൃപിതാവിൻ്റെ സഹോദരിയെ ഇഷ്ടികയ്ക്കിടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കേസിലാക്കി ഗംഗാ നദിയില്‍ ഉപേക്ഷിക്കാനെത്തിയ യുവതിയും അമ്മയും അറസ്റ്റിലായി.
സംശയാസ്പദമായ സാഹചര്യത്തില്‍ സ്യൂട്ട് കേസുമായി ഇരുവരേയും കണ്ട നാട്ടുകാരുടെ സംശയമാണ് കൊലപാതക വിവരം പുറത്ത് കൊണ്ടു വന്നത്. ഫാല്‍ഗുനി ഘോഷ്, അമ്മ ആരതി ഘോഷ് എന്നിവരെയാണ് ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.
തര്‍ക്കത്തെ തുടര്‍ന്ന് ഫാല്‍ഗുനി ഭര്‍തൃപിതാവിൻ്റെ സഹോദരിയായ സുമിത ഘോഷിനെ (55) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. നോര്‍ത്ത് പോര്‍ട്ട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ്, ബരാസത് പൊലീസിന് കൈമാറി. രാവിലെ എട്ടുമണിയോടെ അമ്മയും മകളും കൊല്‍ക്കത്തയിലെ കുമാര്‍തുലിയിലെ ഗംഗാ ഘാട്ടില്‍ നീല ട്രോളി ബാഗുമായി എത്തി.
സംശയാസ്പദ സാഹചര്യത്തില്‍ ഇവരെ കണ്ട പ്രദേശവാസികള്‍ ഇരുവരെയും ചോദ്യം ചെയ്തു. ആദ്യമൊന്നും ബാഗ് തുറക്കാന്‍ അവര്‍ തയാറായില്ല. പിന്നീടു വളര്‍ത്തുനായയുടെ മൃതദേഹം ഒഴുക്കാന്‍ വന്നതാണെന്നായിരുന്നു മറുപടി നല്‍കിയത്.
ഇതോടെ സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ട്രോളി പരിശോധിച്ചപ്പോഴാണ് രക്തം പുരണ്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കൊല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്കു മാറ്റി.