തങ്ങളുടേ പാർട്ടി അഭിപ്രായ സ്വാതന്ത്ര്യം കൊടുക്കുന്ന പാർട്ടിയാണെന്നും, ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും പാർട്ടിയിൽ ഭിന്നതകളില്ലെന്നും വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ദേശീയപാത തകർച്ചയുമായി ബന്ധപ്പെട്ട വിഷയത്തിൽ ഡൽഹിയിൽ ചേർന്ന പിഎസി യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായസ്വാതന്ത്ര്യം കുറച്ചൊക്കെ കൊടുക്കുന്ന പാർട്ടിയാണ് തങ്ങളുടേത്. അങ്ങനെയുള്ള പാർട്ടി ആയതുകൊണ്ട് ചിലർ അഭിപ്രായം പറയും, ചിലർ പറയാതിരിക്കും. അതൊക്കെ പാർട്ടിയുടെ സൗന്ദര്യമാണ്. ശശി തരൂർ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണോ എന്ന ചോദ്യത്തിനോട് അദ്ദേഹം പ്രതികരിച്ചത്.
എൻഎച്ച്എഐ ചെയർമാൻ്റെ നേതൃത്വത്തിൽ അടിയന്തരമായി ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കേരളം സന്ദർശിക്കാനാവശ്യപ്പെട്ടിട്ടുണ്ട്.
അപകട സാധ്യതയുള്ള എല്ലായിടങ്ങളും പരിശോധിച്ച് ഇത്തരം കാര്യങ്ങൾ ഇനി ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയശേഷം നിർമ്മാണ ജോലികളുമായി മുന്നോട്ടു പോകാനാണ് പിഎസി നിർദേശം നൽകിയിരിക്കുന്നത്. വിശദമായ റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിർമ്മാണത്തിൽ വ്യാപക അഴിമതിയുണ്ടെന്ന ആക്ഷേപമുണ്ട് അതുകൊണ്ടാണ് സിഎജി ഓഡിറ്റ് ചെയ്യട്ടെ എന്ന് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.