പശ്ചിമബംഗാളിൽ രണ്ടാംവർഷ എംബിബിഎസ് വിദ്യാർഥിനി പീഡനത്തിനിരയായി. ഒഡിഷ സ്വദേശിനിയാണ് പീഡനത്തിനിരയായത്. ദുർഗാപുരിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു. തൻ്റെ സുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനായി കോളജ് ക്യാംപസിൽനിന്ന് പുറത്തേക്ക് പോയതായിരുന്നു യുവതി. ഇതേസമയം മൂന്നുപേർ അടങ്ങുന്ന സംഘം യുവതിയെ പിന്തുടരുകയായിരുന്നു.
ഭയന്നുപോയ യുവതിയുടെ സുഹൃത്ത് രക്ഷപ്പെട്ടു. യുവതി ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല. തുടർന്ന് ഇവർ യുവതിയെ സമീപത്തുള്ള ഒരു വനപ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. ഇതേസമയം, പ്രതികളുടെ സഹായികളായ രണ്ടുപേർ കൂടി സംഭവസ്ഥലത്തേക്കെത്തി. ഇതിലൊരാൾ യുവതിയെ ലൈംഗീക പീഡനത്തിനിരയാക്കി. യുവതിയുടെ മൊബൈൽ തട്ടിപ്പറിച്ച ആക്രമിസംഘം ഒച്ചവെച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ചോദ്യംചെയ്യാനായി ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തിൻ്റെ എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും കൂട്ടിച്ചേർത്തു. സമീപപ്രദേശങ്ങളിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.