ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ കുത്തിയ പ്രതിക്ക് നടൻ്റെ വീട്ടിലെ തന്നെ ജോലിക്കാരി വാതിൽ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴുപേരടങ്ങുന്ന പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. “വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതിൽ തുറന്നുകൊടുത്തത് പിന്നാലെ ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചു. അപ്പോഴാണ് സെയ്‌ഫ് അലി ഖാൻ എത്തിയത് വീടിനുള്ളിൽ അപരിചിതചനെ കണ്ട സെയ്‌ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘർഷത്തിലെത്തുകയും നടന് കുത്തേൽക്കുകയും ചെയ്‌തു “- പൊലീസ് പറയുന്നു. സെയ്‌ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂർ മുൻപാണ് അക്രമി വീട്ടിൽ പ്രവേശിച്ചതെന്നാണ് പോലീസിൻ്റെ നിഗമനം. സംഭവത്തിനു തൊട്ടു മുൻപുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാർട്ട്മെൻ്ൻ്റെ സെക്യൂരിറ്റി ഗാർഡ് പോലീസിനു നൽകിയ മൊഴിയിൽ പറയുന്നത്.
സെയ്‌ഫ് അലി ഖാൻ്റെ ഫ്ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടൻ്റെ മുറിയിലേക്കാണെന്നും അതു വഴിയാണ് അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിൻ്റെ നിഗമനം. നടൻ്റെ ഫ്ലാറ്റ് ഉൾപ്പെടുന്ന അപ്പാർട്‌മെൻ്റ് ൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനായി ജോലിക്കെത്തിയ തൊഴിലാളികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിനു പിന്നാലെ, മഹാരാഷ്ട്രയിലെ ക്രമസമാധാന തകർച്ച ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. സിനിമാതാരങ്ങൾ പോലും മഹാരാഷ്ട്രയിൽ സുരക്ഷിതരല്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. മുംബൈയിലെ ക്രമസമാധാന നില തകരുന്നത് ലജ്ജാകരമാണെന്ന് ശിവസേന ഉദ്ധവ് വിഭാഗം എം.പി പ്രിയങ്ക ചതുർവേദി പ്രതികരിച്ചു.