ശബരിമല നിറപുത്തരി മഹോത്സവത്തിന് നട തുറന്നു. തന്ത്രി കണ്ഠര്
ബ്രഹ്മദത്തന്‍റെ സാന്നിദ്ധ്യത്തിൽ ഇന്നലെ വൈകിട്ട് 5 ന് മേൽശാന്തി എസ്. അരുൺ കുമാർ നമ്പൂതിരിയാണ് നട തുറന്ന് ശ്രീലകത്ത് ദീപം തെളിച്ചത്. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും അച്ചൻ കോവിലൽ നിന്നും തമിഴ്‌നാട് ഉൾപ്പടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഭക്തർ ഇരുമുടിക്കൊപ്പം തലയിലേന്തി നെൽക്കതിരുകൾ സന്നിധാനത്ത് എത്തിച്ചു. പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും ഗണപതി ഹോമവും നടത്തി. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ സൂക്ഷിച്ചിരിക്കുന്ന നെൽക്കറ്റകൾ തീർത്ഥം തളിച്ച് ശുദ്ധിവരുത്തി പൂജിക്കും.

ആഘോഷപൂർവം നെൽക്കറ്റകൾ ശ്രീകോവിലിൽ കൊണ്ടുപോയി വിഗ്രഹത്തിന് സമീപം വച്ച് ചൈതന്യം നിറയ്ക്കും. സോപാനത്തും ശ്രീകോവിലിലും നെൽക്കതിരുകൾ കെട്ടിയശേഷം മേൽശാന്തി എസ്.അരുൺകുമാർ നമ്പൂതിരി, തന്ത്രി കണ്ഠരര് രാജീവര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ ചേർന്ന് ഭക്തർക്ക് വിതരണം ചെയ്യും. ചടങ്ങുകൾക്ക് തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്ത്, അംഗം അഡ്വ.എ. അജികുമാർ ശബരിമല എക്സിക്യൂട്ടിവ് ഓഫീസർ മുരാരി ബാബു എന്നിവർ നേതൃത്വം നൽകും. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10 ന് നടയടയ്ക്കും.

Related Posts