പരീക്ഷണാടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച കൊറിയർ സർവ്വീസ് വിജയത്തിലേക്ക്. സംസ്ഥാനതലത്തിൽ കണ്ണൂർ ജില്ലയിലും മികച്ച നേട്ടമാണ് കോർപറേഷൻ കൈവരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വൈറ്റ ഡിപ്പോയാണ് കൊറിയർ സർവീസിൽ ഒന്നാം സ്ഥാനത്ത്. കോഴിക്കോട് മൂന്നും തിരുവനന്തപുരം രണ്ടും സ്ഥാനങ്ങൾ കൈവരിച്ചപ്പോൾ തൊട്ട് പിന്നാലെ കണ്ണൂരും എത്തി.
കണ്ണൂരിൽ ദിനംപ്രതി നിലവിൽ പതിനായിരം രൂപ വരെയാണ് കൊറിയർ വഴിയുള്ള വരുമാനം. ആശ്യക്കാർ നിലവിൽ ഏറിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. സംസ്ഥത്തിന്‍റെ ഏത് ഭാഗത്തേക്കും കുറഞ്ഞ ചെലവിൽ ജനങ്ങൾക്ക് സാധനങ്ങൾ വിശ്വാസ്യതയോടെ കൃത്യമായി എത്തിക്കുമെന്ന പ്രത്യേകതയാണ് തങ്ങളുടെ കൊറിയർ സർവീസിനെക്കുറിച്ച് കെ.എസ്.ആർ.ടി.സി അവകാശപ്പെടുന്നത്.
കെ.എസ്.ആർ.ടി.സി 2 വർഷം മുമ്പാണ് കൊറിയർ സർവ്വീസ് തുടങ്ങിയത്. പരമാവധി 15 കിലോ വീതമാണ് ഒരു പെട്ടിയിൽ ഉൾക്കൊള്ളിക്കുന്ന ഭാരം. കൊറിയറിൽ പൊട്ടിപ്പോകുന്ന വസ്തുക്കൾ എടുക്കില്ല. കൊറിയർ സർവീസിൽ ചെറിയ കവർ മുതൽ ഒരു കിലോ വരെയുള്ളതും ഒരു കിലോ മുതൽ 120 കിലോവരെ പാഴ്സലായിട്ടുമാണ് അയക്കുന്നത്.
ഉടമസ്ഥർക്ക് കെ.എസ്.ആർ.ടി.സി നൽകുന്ന സ്ലിപ്പിൻ്റെ കോപ്പിയുമായി ഡിപ്പോകളിൽ ചെന്നാൽ സാധനം കൈപറ്റാം. കെ.എസ്.ആർ.ടി.സി ഡിപ്പോകളെ ഇടനിലക്കാരില്ലാതെ ബന്ധിപ്പിച്ചാണ് കൊറിയർ സർവീസ്. കൊറിയർ സർവീസ് പ്രവർത്തനം ഡിപ്പോകളിലെ സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നാണ്. എം.പാനൽ ജീവനക്കാരാണ് കൗണ്ടറിൽ ജോലി ചെയ്യുന്നത്.
സ്വകാര്യ വ്യക്തികളും ആശുപത്രികളും മരുന്ന് കമ്പനികളുമാണ് നിലവിൽ കൂടുതലായി കെ.എസ്.ആർ.ടി.സി കൊറിയർ സർവ്വീസിനെ ആശ്രയിക്കുന്നത്. കെ.എസ്.ആർ.ടി.സി നേരത്തെ സ്വകാര്യ സ്ഥാപനത്തിന്‍റെ സഹകരണത്തോടെ കൊറിയർ സർവീസ് നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.