ഓപ്പറേഷൻ സിന്ദൂറിലെ വിജയം അംഗീകരിക്കാതെ പാകിസ്ഥാൻ വക്താക്കളെപ്പോലെയാണ് കോൺഗ്രസ് പെരുമാറുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സേനയുടെ മനോവീര്യം സ്വാർത്ഥ ലക്ഷ്യങ്ങൾക്കായി തകർക്കാനാണ് കോൺഗ്രസ് ശ്രമമെന്നും ലോക്‌സഭയിൽ ‘ഓപ്പറേഷൻ സിന്ദൂർ’ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അടക്കം വിമർശനങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

ദേശീയ താത്പര്യത്തെ ഗാന്ധി കുടുംബത്തിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി അവഗണിക്കരുതെന്ന് കോൺഗ്രസ് നേതാക്കളെ ഓർമ്മപ്പെടുത്തിയതിനൊപ്പം, ശശി തരൂരിനെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരുന്നതിനെ വിമർശിക്കുകയും ചെയ്തു. കോൺഗ്രസ് പാകിസ്ഥാന്‍റെ ഗൂഢാലോചനകളുടെയും പ്രചാരണത്തിൻ്റെയും വക്താവായി മാറി. നിരപരാധികൾ കൊല്ലപ്പെട്ടതിൽ പോലും കോൺഗ്രസ് രാഷ്ട്രീയ നേട്ടം തേടുന്നു.

സുരക്ഷാ സേനയുടെ മനോവീര്യം അവർ വ്രണപ്പെടുത്തി. ലോക രാജ്യങ്ങൾ പിന്തുണച്ചപ്പോൾ കോൺഗ്രസ് സൈനികരുടെ ധൈര്യത്തെ കണ്ടില്ലെന്ന് നടിച്ചു. ഭീകരത വളർത്തുന്ന പ്രീണന നടപടികളാണ് കോൺഗ്രസ് ഭരിക്കുമ്പോൾ സ്വീകരിച്ചത്. ദുർബല ഭരണത്തിൽ ഭീകരത നിരവധി പേരുടെ ജീവൻ അപഹരിച്ചു. അഫ്‌സൽ ഗുരുവിനെ ചില നേതാക്കൾ പിന്തുണച്ചു. പാക് അധീന കാശ്‌മീർ തിരിച്ചു പിടിക്കാൻ പറയുന്നവർ, പാകിസ്ഥാന് അതു വിട്ടു കൊടുത്തത് ആരെന്ന് പറയണം. പാക് അധീന കാശ്മീർ 1971-ൽ തിരിച്ചു പിടിക്കാനുള്ള അവസരം നഷ്ടമാക്കി.

Related Posts