ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത അഞ്ച് കെഎസ്യു പ്രവർത്തകർ റിമാൻഡിൽ. കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റിലായവരെ വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. കെഎസ്യു ജില്ലാ പ്രസിഡണ്ട്എം.സി.അതുൽ, അഹമ്മദ് യാസീൻ, സി.എച്ച്.മുബാസ്, ബിതുൽ ബാലൻ, വി.വി.അക്ഷയ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പോലീസ് പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ് ചെയ്തവരെ റെയിൽവേ പോലീസിന് കൈമാറുകയായിരുന്നു.
എകെജി ആശുപത്രിക്ക് മുന്നിൽ വച്ച് കരിങ്കൊടി കാണിച്ച ആറ് യൂത്ത് ലീഗ് പ്രവർത്തകരെയും റിമാൻഡ് ചെയ്തു. ആരോഗ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലെ ഫ്ലാഗ് പോസ്റ്റ് നശിപ്പിച്ചതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ലീഗ് പ്രവർത്തകർക്കെതിരെ ചുമത്തിയത്. ആറ് യൂത്ത് ലീഗ് പ്രവർത്തകരാണ് സംഭവത്തെ തുടർന്ന് അറസ്റ്റിലായത്.