ജപ്പാൻ പ്രധാനമന്ത്രി ഷിഗേരു ഇഷിബയ്‌ക്കൊപ്പം ബുള്ളറ്റ് ട്രെയിനിൽ യാത്രചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹിക മാധ്യമമായ എക്‌സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. ടോക്കിയോയിൽനിന്ന് സെൻഡായിലേക്കായിരുന്നു രണ്ടുപേരുടെയും യാത്ര. സെൻഡായിൽ എത്തിയ നരേന്ദ്ര മോദി ജാപ്പനീസ് റെയിൽവേയിൽ പരിശീലനത്തിലേർപ്പെടുന്ന ഇന്ത്യക്കാരായ ലോക്കോ പൈലറ്റുമാരെയും സന്ദർശിച്ചു. ഇന്നലെയാണ് രണ്ടുദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി ജപ്പാനി ലെത്തിയത്. 15-ാം ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൻ്റെ ഭാഗമായാണിത്.
സൗഹൃദത്തിൻ്റെയും വികസനത്തിൻ്റെയും യാത്രയെന്നാണ് ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ ബുള്ളറ്റ് ട്രെയിൻ യാത്രയെ വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വിശേഷിപ്പിച്ചത്.
ജപ്പാൻ സന്ദർശനത്തിനുശേഷം നാളെ മോദി ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ചൈനയിലേക്ക് തിരിക്കും. അവിടെ ചൈനീസ് പ്ര സിഡണ്ട് ഷി ജിൻപിംഗുമായും റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനുമായും കൂടിക്കാഴ്ച്‌ച നടത്തും.