പശ്ചിമേഷ്യയിൽ ഇസ്രയേൽ – ഇറാനും തമ്മിലുള്ള യുദ്ധത്തെ തുടർന്ന് ഇന്ധനവില വർധനയും പാചകവാതക ക്ഷാമവും ചർച്ച ചെയ്യുന്നതിനായി ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നിർദേശം നൽകി. ക്രൂഡ് ഓയിൽ വില അന്താരാഷ്ട്ര വിപണിയിൽ കുതിച്ചുയരുന്ന സാഹചര്യത്തിൽ, രാജ്യത്തെ സാധാരണക്കാരെ ബാധിക്കാത്ത രീതിയിൽ വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളെക്കുറിച്ച് യോഗം ചർച്ച ചെയ്തു.
എണ്ണയും ഗ്യാസും റഷ്യ ഉൾപ്പെടെയുള്ള ഇതര രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള സാധ്യതകൾ വിദേശകാര്യ മന്ത്രാലയം പരിശോധിച്ചു വരികയാണെന്ന് യോഗത്തിന് ശേഷം അധികൃതർ അറിയിച്ചു. സബ്സിഡികൾ തുടരുന്ന കാര്യത്തിലും ധാരണയായി.
ചരക്ക് നീക്കം മന്ദഗതിയിലായതിനാൽ, ലഭ്യമായ എൽപിജി സ്റ്റോക്ക് ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകി വിതരണം ചെയ്യാൻ പെട്രോളിയം മന്ത്രാലയത്തിന് നിർദേശം നൽകി. യുദ്ധം നീണ്ടുനിൽക്കുകയാണെങ്കിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികൾ മുൻകൂട്ടി കണ്ട് തന്ത്രപ്രധാനമായ എണ്ണശേഖരം ഫലപ്രദമായി ഉപയോഗിക്കുന്നതിനെക്കുറിച്ചും പ്രധാനമന്ത്രി ചർച്ച ചെയ്തു