ഇന്ത്യയുടെ അഭിമാനമായി മാറിയ റഫാൽ യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. അംബാല വ്യോമതാവളത്തിൽ നിന്നായിരുന്നു രാഷ്ട്രപതിയുടെ റഫാലിലെ കന്നിപ്പറക്കൽ. അഞ്ച് മാസം മുമ്പ് പഹൽഗാം ആക്രമണത്തിന് ഇന്ത്യ ഓപ്പറേഷൻ സിന്ദുറിലൂടെ മറുപടി നൽകിയപ്പോൾ ഭീകര ക്യാമ്പുകൾ നശിപ്പിക്കുന്നതായി റാഫേൽ വിമാനങ്ങൾ പറന്നുയർന്നത് ഇവിടെ നിന്നായിരുന്നു. സേനയിലും റഫാലിലും സർവസൈന്യാധിപയ്ക്കുള്ള വിശ്വാസം അടിവരയിടുന്നതാണ് നീക്കം. എ.പി.ജെ അബ്ദുൾ കലാമും പ്രതിഭാ പാട്ടീലുമാണ് മുൻപ് യുദ്ധവിമാനത്തിൽ പറന്ന രാഷ്ട്രപതിമാർ.
കമാൻഡിങ് ഓഫിസർ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിയായിരുന്നു പൈലറ്റ്. അകമ്പടിയായി മറ്റൊരു റഫാലിൽ വ്യോമസേന മേധാവി എ.പി.സിങ്ങും ഉണ്ടായിരുന്നു. അംബാല വ്യോമതാവളത്തിൽ ഗാർഡ് ഓഫ് ഓണർ നൽകിയാണ് രാഷ്ട്രപതിയെ വരവേറ്റത്.