ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കസ്റ്റംസ് അന്വേഷണം വ്യാപകമാക്കുന്നു. 36 വാഹനങ്ങൾ ഓപ്പറേഷൻ നുംഖോർ എന്ന പേരിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തതായി കസ്റ്റംസ് കമ്മീഷണർ ടിജു തോമസ് പറഞ്ഞു.
കേരളത്തിൽ ഇതുപോലെ 150 മുതൽ 200 വരെ വാഹനങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ എംബസിയുടെയും ഇന്ത്യൻ ആർമിയുടെയും ഇന്ത്യൻ എംബസി യുടെയും പേര് ഉപയോഗിച്ചാണ് വാഹനം രജിസ്റ്റർ ചെയ്യുന്നത്. ഇന്ത്യയിലേക്ക് ലിസ്റ്റിലെ 90 ശതമാനം വാഹനങ്ങളും കൃത്രിമ രേഖകൾ ഉപയോഗിച്ചാണ് കൊണ്ടുവന്നതെന്ന് കണ്ടെത്തി.
ഇവർ പരിവാഹൻ വെബ് സൈറ്റിൽ വരെ കൃത്രിമം കാണിച്ചതായും ജിഎസ്‌ടി വെട്ടിപ്പും നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം നീക്കങ്ങൾ രാജ്യ സുരക്ഷക്കു വരെ ഭീഷണിയാണ്. നിയമവിരുദ്ധമായാണ് വാഹങ്ങളുടെ വിൽപ്പന നടക്കുന്നത്. ഇൻഷ്വറൻസ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റും പലതിനുമില്ല.
ദുൽഖർ സൽമാൻ്റെ 2 വാഹനങ്ങളാണ് പരിശോധിച്ചത്. അതിൽ ഒരെണ്ണം പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങളുടെ ഉടമകൾ നേരിട്ട് ഹാജരാകണമെന്നും പിഴ അടച്ച് കേസ് തീർക്കാൻ കഴിയില്ലെന്നും ദുൽഖർ സൽമാനും അമിത് ചക്കാലക്കലും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകുമെന്നും കസ്റ്റംസ് കമ്മീഷണർ പറഞ്ഞു.