അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിൻ്റെ ആത്മഹത്യയിൽ പ്രതികളായ അധ്യാപകർ ഡോ.എം.കെ.റാം, ഡോ.സംഗീത എന്നിവർ തലശ്ശേരി കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകി. തങ്ങൾക്ക് മരണത്തിൽ പങ്കില്ലെന്നാണ് ഹർജിയിലെ വാദം. നേരത്തെ ഇവർ മുൻകൂർ ജാമ്യാപേക്ഷയും സമർപ്പിച്ചിരുന്നു.നിതിൻ രാജിൻ്റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ മാനസിക പീഡനമാണെന്ന കണ്ടെത്തലിനെത്തുടർന്ന് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. മരണം ആത്മഹത്യയാണെന്ന് ഉറപ്പിച്ച പോലീസ്, ഇതിലേക്ക് നയിച്ച കാരണങ്ങൾ അധ്യാപകരിൽ നിന്നുള്ള വിവേചനമാണെന്നാണ് വ്യക്തമാക്കുന്നത്.
മരണത്തിന് രണ്ട് ദിവസം മുൻപ് നിതിൻ തൻ്റെ സുഹൃത്തിനോട് പങ്കുവെച്ച വിവരങ്ങളാണ് കേസിൽ നിർണ്ണായകമായത്. ക്ലാസിനകത്തും പുറത്തും ഡോ.എം.കെ.റാം തന്നെ നിരന്തരം വേട്ടയാടിയിരുന്നതായും, മാർക്ക് കുറച്ചും കുടുംബത്തെ അധിക്ഷേപിച്ചും മാനസികമായി തളർത്തിയിരുന്നതായും നിതിൻ വെളിപ്പെടുത്തിയിരുന്നു. സമാനമായ ദുരനുഭവങ്ങൾ മറ്റ് പല വിദ്യാർത്ഥികൾക്കും ഉണ്ടെങ്കിലും നടപടി ഭയന്ന് ആരും പുറത്തുപറയാൻ തയ്യാറാകുന്നില്ലെന്നാണ് വിവരം. പ്രതികളായ ഡോക്ടർമാരുടെ മൊഴിയെടുക്കുന്നതിനായി പോലീസ് നോട്ടീസ് നൽകി വിളിച്ചുവരുത്താൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെയും വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന് ഡോ. എം.കെ.റാം സസ്പെൻഷനിലായിരുന്നതായും റിപ്പോർട്ടുകളുണ്ട്.