പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയുടെ വീട്ടിൽ നിന്നും കൊലപാതകത്തിന് ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന വടിവാളും വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. ലഭിച്ച വിഷക്കുപ്പിയിൽ പകുതി ഇല്ലായിരുന്നു. ചെന്താമരയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പൊലീസ് വിഷക്കുപ്പിയും വടിവാളും കണ്ടെത്തിയത്. പൊലീസ് ചെന്താമരയ്ക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. പോത്തുണ്ടി മലയടിവാരത്തിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് പൊലീസ് നടത്തിക്കൊണ്ടിരിക്കുന്നത്. പൊലീസ് ഏഴ് സംഘങ്ങളായിട്ടാണ് തിരച്ചിൽ നടത്തുന്നത്. തെരച്ചിലിനു വേണ്ടി ഡോഗ് സ്ക്വാഡും ഉണ്ട്. അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചു. മൊബൈൽ ഫോൺ ഉപേക്ഷിച്ച ശേഷമാണ് പ്രതി കടന്നുകളഞ്ഞത്.

വിഷം കഴിച്ച ശേഷം ചെന്താമര കാട്ടിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്നു പൊലീസ് കരുതുന്നുണ്ട്. അതല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. ചെന്താമരയുടെ സഹോദരനെയും കൂട്ടി ആലത്തൂർ പൊലീസ് തിരുപ്പൂരിലേക്ക് തിരിച്ചു. നെന്മാറ പോത്തുണ്ടി ബോയൻ കോളനിയിലെ മീനാക്ഷിയെയും മകൻ സുധാകരനെയുമാണ് ചെന്താമര വെട്ടിക്കൊന്നത്. ഇന്ന് രാവിലെ 10 മണിക്കായിരുന്നു സംഭവം. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം,

മരിച്ച സുധാകരൻ്റെ ഭാര്യ സജിതയെ 2019 ൽ പ്രതി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മകളും വേർപിരിഞ്ഞത് അയൽക്കാരായ സജിതായും കുടുംബവുമാണ് എന്ന രീതിയിലാണ് ചെന്താമരയുടെ പെരുമാറ്റം. കേസിൽ പിടിയിലായതിന് ശേഷം ജയിലിൽ കഴിയുകയായിരുന്നു ചെന്താമര. വിചാരണ നടപടികൾ പുരോഗമിക്കവേ രണ്ട് മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇയാൾ വീണ്ടും മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാർക്കുണ്ടായിരുന്നു. ഇതേത്തുടർന്ന് നാട്ടുകാർ ഡിസംബർ 29ന് നെന്മാറ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.

Related Posts