ഇന്ത്യൻ ഓപണർ സ്മൃതി മന്ദാനയെ 2024ലെ ഐ.സി.സിയുടെ മികച്ച വനിതാ ഏകദിന താരമായി തെരഞ്ഞെടുത്തു. 2018 ലും 2022 ലും വനിതാ ക്രിക്കറ്റർ ഓഫ് ദ് ഇയർ ആയി തെരഞ്ഞെടുത്ത സമൃതിയെ തേടി മൂന്നാം തവണയാണ് ഐ.സി.സി പുരസ്ക്‌കാരമെത്തുന്നത്. ഇംഗ്ലണ്ടിൻ്റെ ടാമി ബ്യൂമോണ്ട്, ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർട്, എന്നിവരെ പിന്തള്ളിയാണ് സമൃതിയുടെ പുരസ്കാര നേട്ടം.പോയ വർഷം 13 ഇന്നിങ്‌സിൽനിന്ന് 57. 46 ശരാശരിയിൽ 747 റൺസാണ് സ്മൃതി മന്ദാന നേടിയത്. നാല് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറിയും സഹിതമാണിത്. 697 റൺസ് നേടിയ വോൾവാർട് ആണ് ഇക്കാര്യത്തിൽ രണ്ടാമതുള്ളത്.

പോയവർഷം ആറ് സിക്‌സറും 95 ഫോറുകളുമാണ് സ്മൃതിയുടെ ബാറ്റിൽ നിന്ന് പിറന്നത്. 738 റേറ്റിങ് പോയിൻ്റുമായി ലോക രണ്ടാം നമ്പർ വനിതാ ബാറ്ററാണ് 28 കാരിയായ സ്‌മൃതി മന്ദാന. എന്നാൽ, അഫ്ഗാനിസ്താൻ ഓൾറൗണ്ടർ അസ്‌മത്തുല്ല ഒമർസായ് മികച്ച പുരുഷ ഏകദിന താരമായി. കളിച്ച അഞ്ചിൽ നാല് പരമ്പരകളിലും ജയം സ്വന്തമാക്കിയിരുന്നു പോയവർഷം അഫ്ഗാനിസ്‌താൻ. അയർലൻഡ്, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ ടീമുകൾക്കെതിരെയാണ് അഫ്ഗാൻ്റെ ജയം. ദേശീയ ടീമിനു വേണ്ടി രണ്ടാമത്തെ മികച്ച റൽ വേട്ടക്കാരനും രണ്ടാമത്തെ മികച്ച വിക്കറ്റ് ടേക്കറുമാണ് അസ്‌മത്തുല്ല ഒമർസായ്. 14 മത്സരങ്ങളിൽനിന്ന് 17 വിക്കറ്റും 417 റൺസുമാണ് താരത്തിൻ്റെ സമ്പാദ്യം.

Related Posts