എ. ഡി.എം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി നാളെ വിധിപറയും. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് വിധി പറയുക. നവീൻ ബാബുവിൻ്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും പൊലീസ് അന്വേഷണത്തിലും ശാസ്ത്രീയ പരിശോധനയിലും വീഴ്ചകളുണ്ടെന്നും ആരോപിച്ചാണ് മഞ്ജുഷ ഹർജി സമർപ്പിച്ചത്. തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ നവീൻ ബാബുവിൻ്റെ അടിവസ്ത്രത്തിലെ രക്തക്കറ പൊലീസ് അവഗണിച്ചതും ദേഹപരിശോധന തിടുക്കത്തിൽ നടത്തിയതും ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ തമ്മിലുള്ള അന്തരവുമടക്കം മഞ്ജുഷ ചൂണ്ടിക്കാട്ടിയിരുന്നു. ആരോപണത്തിനപ്പുറം തെളിവുകളൊന്നും ഹാജരാക്കാൻ ഹർജിക്കാരിക്ക് കഴിഞ്ഞിട്ടില്ലെന്നായിരുന്നു സർക്കാർ വാദം. പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അറിയിച്ചിരുന്നു. പ്രതി പി. പി. ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിലുള്ള ആശങ്കയാണ് ഹർജികാരി പങ്കുവെച്ചത്. കേസിൽ അറസ്റ്റിലായ ദിവ്യ ഇപ്പോൾ ജാമ്യത്തിലാണ്.

Related Posts