വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി പി.വി എന്നത് മാറ്റി അഞ്ജലി നായർ എന്ന് ഉൾപ്പെടുത്തണമെന്ന തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി അഞ്ജലി നായരുടെ ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി നിർദേശം. ജില്ലാ വരണാധികാരിക്കാണ് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശം നൽകിയത്.
വരണാധികാരി മുമ്പാകെ ശനിയാഴ്ച ഹാജരാകാനും കോടതി അഞ്ജലി നായരോട് നിർദേശിച്ചു. തന്‍റെ പേര് വോട്ടിംഗ് യന്ത്രത്തിൽ അഞ്ജലി പി.വി. എന്നാണു രേഖപ്പെടുത്തിയിരിക്കുന്നതെന്നും ഇതു മാറ്റി അഞ്ജലി നായർ എന്നാക്കാൻ നിർദേശം നൽകണമെന്നും ആശ്യപ്പെട്ടാണ് എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയെ സമീപിച്ചത്.
സ്ഥാനാർഥി അവർ അറിയപ്പെടുന്ന പേരിൽ മത്സരിക്കുന്നത് അല്ലേ ജനാധിപത്യമെന്ന് കോടതി ചോദിച്ചു. പേര് മനസിലാക്കാൻ പറ്റാത്തതുകൊണ്ട് സ്ഥാനാർഥിക്ക് ഒരു വോട്ടു പോലും നഷ്ടമാകാൻ പാടില്ല എന്നാണ് അഭിപ്രായമെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് അഞ്ജലിയുടെ അപേക്ഷ പരിഗണിക്കാൻ കോടതി നിര്‍ദേശിച്ചത്. പൊതുജീവിതത്തിലും ചലച്ചിത്ര മേഖലയിലും തന്‍റെ പേര് അഞ്ജലി നായർ എന്നാണെന്ന് സ്ഥാനാർഥി അഞ്ജലി നായർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.