മകന്‍റെ അസുഖം മാറാൻ മകളെ ബലി നൽകിയ കേസിൽ അമ്മയും മന്ത്രവാദിയും ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് സംഭവം. കുസുംബ ഗ്രാമത്തിൽ നടന്ന ക്രൂരമായ കൊലപാതകത്തിൽ പെൺകുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനി ശാന്തി ദേവി (55), നാട്ടുകാരനും സഹായിയുമായ ഭീം റാം (40) എന്നിവരാണ് പിടിയിലായത്.
നരബലിയാണ് നടന്നതെന്നു കണ്ടെത്തിയതായി ഹസാരിബാഗ് ഡിഐജി അഞ്ജനി ഝാ, എസ് പി അഞ്ജനി അഞ്ജൻ എന്നിവർ പറഞ്ഞു. കേസിലെ പ്രതിയായ രശ്മി ദേവിയുടെ ഇളയ മകൻ ശാരീരികവും മാനസികവുമായ അസുഖങ്ങൾ നേരിട്ടിരുന്നു. ഇവർ കുട്ടിയുടെ രോഗം മാറ്റുന്നതിനായി ഗ്രാമത്തിലെ മന്ത്രവാദിനിയായ ശാന്തി ദേവിയെ പതിവായി സന്ദർശിച്ചിരുന്നു.
മകന്‍റെ രോഗം മാറാനായി ഒരു കന്യകയെ ബലിനൽകണം എന്നു മന്ത്രവാദിനി ഉപദേശിച്ചതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. മാർച്ച് 24 അഷ്ടമി രാത്രിയാണ് കൊടുംക്രൂരതയ്ക്കു തെരഞ്ഞെടുത്തത്. മന്ത്രവാദിനിയായ ശാന്തി ദേവിയുടെ വീട്ടിൽവച്ച് പെൺകുട്ടിയെ അമ്മയും ഭീം റാമും ചേർന്നു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി.
പെൺകുട്ടിയുടെ തലയിൽ ഭീം റാം മാരകമായി പരിക്കേൽപ്പിച്ചു. പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായ ആചാരങ്ങളുടെ ഭാഗമായി മരത്തടി ഉപയോഗിച്ച് പരിക്കേൽപ്പിച്ചതായും പോലീസ് വെളിപ്പെടുത്തി. കൊലപാതകത്തിനു ശേഷം മൃതദേഹം സമീപത്തെ തോട്ടത്തിൽ കുഴിച്ചുമൂടുകയായിരുന്നു.