വനിതാ ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം നൂർബീന റഷീദ് രാജിവെച്ചു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായാണ് നൂര്‍ബിന രാജിക്കാര്യം വ്യക്തമാക്കിയത്. അതേസമയം പാര്‍ട്ടി വിടില്ലെന്നും നൂര്‍ബിന പറഞ്ഞു.

പാർട്ടിയിൽ വനിത ലീഗിന് കടുത്ത അവഗണനെയന്ന് നൂർബീന റഷീദ് ആരോപിച്ചു. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല. സ്ഥാനാർത്ഥി പ്രഖ്യാപനം വരെ പാർട്ടി നേതൃത്വവുമായി നിരന്തരം സംസാരിക്കുന്നുണ്ടായിരുന്നുവെന്നും നൂര്‍ബിന പറഞ്ഞു.

‘സമ്പാദിക്കാൻ വേണ്ടിയല്ല വനിതാ ലീഗുകാർ ആരും പാർട്ടിയിൽ വന്നത്. സ്വന്തം തൊഴിൽ ഉണ്ടായിരുന്നവരാണ് എല്ലാ വനിത പ്രവർത്തകരും. ആ പണം ഉപയോഗിച്ചാണ് പാർട്ടി പ്രവർത്തനം നടത്തിയത്. ഇത്ര കാലം ഒരു ഇലക്ഷൻ ഫണ്ട് പോലും വാങ്ങിയിട്ടില്ല. ഒരു വണ്ടി വാങ്ങിയിട്ടില്ല. ഒരു ഡ്രൈവറെ വെച്ചിട്ടില്ല.

മുസ്‌ലിം ലീഗിൻ്റെ ദേശീയ കമ്മിറ്റിയിലേക്ക് ഒരു വനിതാ ലീഗ് പ്രവർത്തകരെയും എടുത്തില്ല. കൃത്രിമമായി മതേതരത്വം കാണിക്കാൻ ഒരു മുസ്‌ലിമല്ലാത്ത വനിതയെ ഉൾപ്പെടുത്തി’ നൂർബിന പറഞ്ഞു.

തന്നെ ഏല്‍പ്പിച്ച ദൗത്യം പൂര്‍ത്തിയാക്കിയെന്നും വനിതാ ലീഗിൻ്റെ താത്പര്യം പരിഗണിക്കാതെയാണ് രണ്ട് വനിത സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി നിയോഗിച്ചതെന്നും നൂര്‍ബിന വിമര്‍ശിച്ചു.

Related Posts