ജൂലൈ 6 ന് ആരംഭിക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് മുന്നോടിയായുള്ള വിദേശ പര്യടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുറപ്പെടും. മോദി ഇന്ന് ആരംഭിക്കുന്നത് 10 വർഷത്തിനിടയിലെ ഏറ്റവും ദൈർഘ്യമേറിയ നയതന്ത്ര പര്യടനമാണ് . 5 രാജ്യങ്ങൾ യാത്രയിൽ സന്ദർശിക്കും. ഇന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിലേക്കാണ് യാത്രതിരിക്കുകയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അവിടെ നിന്നും കരീബിയൻ രാജ്യമായ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ സന്ദർശനം പൂർത്തിയാക്കി അർജൻ്റിനയിലേയ്ക്ക് തിരിക്കും. പിന്നീട് 17-ാമത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബ്രസീലിലേക്ക് പോകും.
പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടി അവസാനിച്ചശേഷം ആഫ്രിക്കൻ രാജ്യമായ നബീബിയ സന്ദർശിച്ച് പര്യടനം പൂർത്തിയാക്കി 9 ന് ഇന്ത്യയിൽ തിരിച്ചെത്തും.
മുപ്പത് വർഷത്തിനിടയിൽ ആദ്യമായി ഘാനയിലെത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി അവിടത്തെ പാർലമെൻ്റിനെ അഭിസംബോധന ചെയ്യും. ട്രിനി ഡാഡ് ആൻഡ് ടുബാഗോയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം 25 വർഷങ്ങൾക്ക് ശേഷമാണ്.
പ്രസിഡൻ്റ് ജാവിയർ മിലിയുമായി അർജൻ്റീനയിൽ എത്തുന്ന പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള ഉഭയകക്ഷി ചർച്ചകളും നടത്തും.
ഇന്ത്യ പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സ്വീകരിച്ച പ്രതികാര നടപടികളും ബ്രസീലിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ മോദി വ്യക്തമാക്കും. പ്രതിരോധ മേഖലയിൽ ഇതോടൊപ്പം ബ്രസീലുമായി ചില ചർച്ചകളും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ഏകീകൃത പേയ്മെൻ്റ് ഇൻ്റർഫേസ് (യുപിഐ) നടപ്പാക്കുന്നതിനുള്ള കരാർ ആയിരിക്കും നമീബിയയിലെ സന്ദർശന വേളയിൽ പ്രധാന ചർച്ച വിഷയം. ഇതോടൊപ്പം നമീബിയൻ പ്രസിഡൻ്റുമായി പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.