തദ്ദേശസ്ഥാപനങ്ങൾ സർക്കാറിൻ്റെ വികസന സദസിന് കണ്ടെത്തേണ്ടത് 50 കോടിയോളം രൂപ. സർക്കാറിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ഒരു മാസം നീളുന്ന വികസന സദസ്സിനാണ് ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കാൻ നിർദേശിച്ചിരിക്കുന്നത്.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും പ്ലാൻ ഫണ്ടിൽ നിന്നോ തനത് ഫണ്ടിൽ നിന്നോ ലക്ഷങ്ങൾ ചെലവഴിക്കാൻ അനുമതി നൽകിയതിനൊപ്പം സ്‌പോൺസർഷിപ്പിലൂടെയും സദസ്സ് നടത്താൻ ആവശ്യമായ തുക കണ്ടെത്താനാണ് നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളം ചുറ്റിയ നവകേരള സദസ്സിന് പിന്നാലെയാണ് വികസന സദസ്സ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
ഉദ്ഘാടന ശേഷം 20 മിനിറ്റിൽ സംസ്ഥാന സർക്കാറിൻ്റെ വികസന നേട്ടങ്ങൾ കോർത്തിണക്കിയുള്ള വിഡിയോ പ്രസൻ്റേഷൻ, ലൈഫ് മിഷൻ, മാലിന്യമുക്ത നവകേരളം, 25 മിനിറ്റ് അതിദാരിദ്ര്യനിർമാർജനം, ഗ്രാമീണ റോഡുകൾ തുടങ്ങിയ മേഖലയിലെ തദ്ദേശസ്ഥാപന നേട്ടങ്ങൾ എന്നിവയുണ്ടാവും. അവസാനത്തെ ഒരു മണിക്കൂർ ജനങ്ങളിൽ നിന്നുള്ള നിർദേശങ്ങളും അഭിപ്രായങ്ങളും ആശയങ്ങളും സ്വീകരിക്കണം.
വികസന സദസ്സ് സംഘടിപ്പിക്കുന്നതിന് നഗരസഭകൾക്ക് 4 ലക്ഷം രൂപ വരെയും കോർപറേഷനുകൾക്ക് 6 ലക്ഷം രൂപ വരെയും ഗ്രാമപഞ്ചായത്തുകൾക്ക് രണ്ടുലക്ഷം രൂപ വരെയും തനത് ഫണ്ട്, പ്ലാൻ ഫണ്ടിൽ നിന്ന് ചെലവഴിക്കാം. സ്പോൺസർഷിപ്പിലൂടെ മറ്റ് തുക കണ്ടെത്താനാണ് നിർദേശം.
മുഖ്യമന്ത്രി സെപ്റ്റംബർ 20 ന് ഉദ്ഘാടനം ചെയ്യുന്ന വികസന സദസ്സ് ഒക്ടോബർ 20 വരെ നീളും. നഗരസഭകളിൽ 750-1000 പേരെയും ഗ്രാമപഞ്ചായത്തിൽ 250 മുതൽ 300 പേരെയും സദസിൽ പങ്കെടുപ്പിക്കണം.