ബീഹാറിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വം വഹിക്കുന്ന വോട്ടർ അധികാർ യാത്ര’യിൽ സി.പി.ഐ വനിതാ നേതാവ് ആനിരാജ പങ്കെടുത്തു. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ വച്ച് നടന്ന സമ്മേളനത്തിലാണ് ആനിരാജ പങ്കെടുത്തത്. ഏറ്റവും പ്രധാനമാണ് വോട്ടവകാശമെന്ന് ആനിരാജ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. ആനിരാജ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന രാഹുൽ ഗാന്ധിയുടെ എതിരാളിയായിരുന്നു. രാഹുൽ ഗാന്ധി 3.64 ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ആനിരാജയെ പരാജയപ്പെടുത്തിയത്.
സ്വന്തം സർക്കാറിനെ തെരഞ്ഞെടുക്കാൻ വോട്ട് നമ്മളെ പ്രാപ്തരാക്കുന്നു. പണക്കാരനായാലും ദരിദ്രനായാലും ഓരോ വോട്ടിനും ഒരേ മൂല്യം നൽകുന്ന നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പുകൾ യഥാർഥ സമത്വത്തെ പ്രതിഫലിപ്പിക്കുന്നു. ജനങ്ങളുടെ അവകാശം കവർന്നെടുക്കാനുള്ള ഏതൊരു ശ്രമത്തെയും ശക്തമായി എതിർക്കേണ്ടതാണ് – ആനിരാജ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ആഗസ്റ്റ് 17ന് ബിഹാറിലെ സസാറാമിൽ നിന്നാണ് ‘വോട്ടർ അധികാർ യാത്ര’ക്ക് തുടക്കം കുറിച്ചത്. ബിഹാറിലെ 25 ജില്ലകളിലായി കിടക്കുന്ന 110 നിയമസഭ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ താണ്ടി ബിഹാറിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു നാഴിക്കല്ലായി മാറിയ യാത്ര നാളെ പട്നയിൽ സമാപിക്കും.