കേരള സര്‍വകലാശാലയില്‍ എംബിഎ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അധ്യാപകനില്‍ നിന്ന് നഷ്ടമായ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍വകലാശാല വൈസ് ചാന്‍സ്‌ലര്‍. മൂല്യനിർണയം നടത്താൻ ഒരു അധ്യാപകന് നൽകിയ ‘പ്രൊജക്‌ട് ഫിനാൻസ് എന്ന വിഷയത്തിൻ്റെ 71 ഉത്തരക്കടലാസുകളാണ് നഷ്ട‌മായത്.

5 കോളേജുകളിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്‌ടപ്പെട്ടവയിലുണ്ട്. വിവരം പുറത്തുവിടാതെ വീണ്ടും പരീക്ഷ നടത്താനായിരുന്നു സർവകലാശാല തീരുമാനം. വിദ്യാർഥികൾക്കു ഇതിനുള്ള അറിയിപ്പ് ഇ-മെയിൽ സന്ദേശമായി ലഭിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്. എംബിഎ അവസാന സെമസ്റ്ററിലെ 71 വിദ്യാർഥികൾക്കാണ് പ്രത്യേക പരീക്ഷ നടത്തുന്നത്.

ഏത് അധ്യാപകൻ്റെ ഭാഗത്തുനിന്നാണ് ഇത്തരത്തിലൊരു വീഴ്‌ച സംഭവിച്ചത്, എത്ര വിദ്യാർഥികളെയാണ് പ്രശ്‌നം ബാധിക്കുക തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് വി.സി ഉത്തരവിട്ടിരിക്കുന്നത്. 2 വർഷത്തിനുള്ളിൽ പൂർത്തിയാകേണ്ട കോഴ്സിൻ്റെ ഫലപ്രഖ്യാപനം രണ്ടര വർഷമായിട്ടും നടത്തിയിരുന്നില്ല.

പരീക്ഷാഫലം വൈകുന്നതിൻ്റെ കാരണം സർവകലാശാല വിശദീകരിച്ചിരുന്നില്ല. ഇതിനിടെയാണ് വെള്ളിയാഴ്‌ച ഉച്ചയോടെ ഏപ്രിൽ 7ന് വീണ്ടും പരീക്ഷ നടത്തുന്നുവെന്നു കാണിച്ച് വിദ്യാർഥികൾക്ക് അറിയിപ്പു ലഭിച്ചത്.

Related Posts