കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് ആറ് മണിവരെയാണ് പരസ്യ പ്രചാരണം. മണ്ഡലത്തിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ പ്രവർത്തകർ ഇന്ന് വൈകിട്ട് ആറ് മണിയോടെ മണ്ഡലം വിട്ടു പോകണം. ഇത് ഉറപ്പാക്കാൻ പോലീസ് കർശന പരിശോധന നടത്തും. ടെലിവിഷൻ, റേഡിയോ, സോഷ്യൽ മീഡിയ എന്നിവ വഴി വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പരസ്യങ്ങളോ പ്രചാരണങ്ങളോ പാടില്ല. ബൾക്ക് എസ്എംഎസുകൾക്കും നിയന്ത്രണമുണ്ട്. പ്രകടനങ്ങളോ പൊതുയോഗങ്ങളോ നടത്താൻ പാടില്ല. ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും.
എന്നാൽ വീടുകൾ കയറിയുള്ള നിശബ്ദ പ്രചാരണത്തിന് തടസമില്ല. വോട്ടർമാരെ സ്വാധീനിക്കാൻ പണമോ മറ്റ് പാരിതോഷികങ്ങളോ നൽകുന്നത് നിരീക്ഷിക്കാൻ പ്രത്യേക സ്ക്വാഡുകൾ രംഗത്തുണ്ടാകും. ഏപ്രിൽ ഒൻപത് വ്യാഴാഴ്ചയാണ് കേരളം പോളിംഗ് ബൂത്തിലെത്തുന്നത്. മുന്നണികളെല്ലാം വലിയ വിജയപ്രതീക്ഷയിലാണ്. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിൽ വോട്ടർമാരെ നേരിൽ കണ്ട് പരമാവധി വോട്ടുകൾ ഉറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. സുഗമമായ വോട്ടെടുപ്പിനായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.