അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കു (ഐഎസ്എസ്) പോകുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന കീർത്തി മേയിൽ ശുഭാംശു ശുക്ലയ്ക്കു സ്വന്തമാകും. മേയിൽ ശുക്ലയുൾപ്പെടെ നാലു യാത്രികരുമായുള്ള ആക്‌സിയോം ദൗത്യം (എഎക്സ്-4) ഫ്ലോറിഡയിലെ കെന്നഡി സ്പെയ്‌സ് സെൻ്ററിൽനിന്ന് പുറപ്പെടും. സ്പെയ്‌സ് എക്‌സിൻ്റെ ഡ്രാഗൺ പേടകത്തിലാണ് യാത്ര. ദൗത്യത്തിൻ്റെ പൈലറ്റാണ് വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശു. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൻ്റെ കമാൻഡറാണ് അദ്ദേഹം.

ഐഎസ്ആർഒയും നാസയും സ്വകാര്യ ബഹിരാകാശ കമ്പനിയായ ആക്സിയോം സ്പെയ്‌സും ചേർന്നാണ് എഎക്സ് 4 ദൗത്യം വിക്ഷേപിക്കുന്നത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സനാണ് കമാൻഡർ. ടിബോർ കപു (ഹംഗറി), സാവോസ് ഉസ്‌നൻസി നിസീവ്സ്കി (പോളണ്ട്) എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. 1984-ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ.

Related Posts