ഭക്ഷണവിഭവങ്ങൾക്ക് എൽപിജി സർചാർജ് ഏർപ്പെടുത്തി ബാംഗ്ലൂർ നഗരത്തിലെ ഹോട്ടലുകൾ. സിലിണ്ടർ ക്ഷാമം രൂക്ഷമായതോടെയാണിത്. സിലിണ്ടറിനു മൂന്നിരട്ടി വരെ വില നൽകേണ്ടിവരുന്നുണ്ടെന്നും അതുകൊണ്ടാണ് അധിക നിരക്ക് വാങ്ങുന്നതെന്നുമാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.
ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ മറ്റ് വഴികളില്ലെന്നാണ് ഉടമകളുടെ വാദം. ഇന്നലെ ചില ഹോട്ടലുകളുടെ ബില്ലിലാണ് എൽപിജി സർചാർജ് എന്ന പേരിൽ 30രൂപവരെ ഈടാക്കിയത്. പാർസലിന് 50 രൂപയും ഈടാക്കിയിട്ടുണ്ട്.

കൂടാതെ ബെംഗളൂരുവിലെ ഭൂരിഭാഗം ഹോട്ടലുകളും ചായയ്ക്കും ലഘുഭക്ഷണങ്ങള്‍ക്കും വരെ വില കൂട്ടിയിട്ടുണ്ട്. നിരവധി തൊഴിലാളികള്‍ താമസിക്കുന്ന നഗരത്തില്‍ ഭക്ഷണ വില ഉയരുന്നത് വലിയ തിരിച്ചടിയായിട്ടുണ്ട്. പേയിങ് ഗസ്റ്റായി താമസിക്കുന്ന ആയിരക്കണക്കിന് പേര്‍ ഭക്ഷണം ലഭിക്കാതെ വലയുകയാണ്. ഇതിനിടെ ബാംഗ്ലൂർ ഹോട്ടൽസ് അസോസിയേഷൻ്റെ ഒരു പ്രതിനിധിസംഘം വിധാൻ സൗധയിൽ ചീഫ് സെക്രട്ടറി ശാലിനി രജനീഷിനെ സന്ദർശിച്ച് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിതരണത്തിന്റെ 50 ശതമാനത്തോളം ഹോട്ടലുകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

Related Posts