ഒന്നേകാൽ വർഷം നീണ്ട യുദ്ധത്തിന് അറുതിയായി ഗസ്സ സമാധാനാന്തരീക്ഷത്തിലേക്ക്. മാസങ്ങൾ നീണ്ട മധ്യസ്ഥ ദൗത്യത്തിനൊടുവിൽ ഗസ്സയിലെ ബന്ദിമോചനവും വെടിനിർത്തലും ഉറപ്പു നൽകുന്ന സമാധാന കരാർ ജനുവരി 19 മുതൽ പ്രാബല്യത്തിൽ വന്നതായി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ്’മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി പ്രഖ്യാപിച്ചു. അവസാനത്തെ രണ്ടാഴ്ചയിൽ അമേരിക്കയുടെയും ഖത്തറിയും മധ്യസ്ഥയിൽ നടന്ന സജീവമായ ഇടപെടലുകളാണ് വെടിനിർത്തൽ കരാറിലെത്തിച്ചത്.
42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയക്കുന്നതിന് പകരം ഇസ്രായേൽ ജയിലിലുള്ള ആയിരത്തിലേറെ ഫലസ്തീൻ തടവുകാരെ മോചിപ്പിക്കും. വെടിനിർത്തിലിൻ്റെ ആറാഴ്ചക്കുള്ളിൽ തന്നെ ഫലസ്‌തീനികൾക്ക് വടക്കൻ ഗസ്സയിലേക്ക് തിരികെ പോവാനുള്ള അനുവാദവും കരാറിൻ്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിൻ്റെയും ഈജിപ്തിൻ്റെയും മേൽനോട്ടത്തിലാവും അഭയാർഥികളായ ഫലസ്‌തീനികളുടെ വീടുകളിലേക്കുള്ള മടക്കം. ഗസ്സ പുനർനിർമാണം മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ അറിയിച്ചു. സമ്പൂർണ വെടിനിർത്തലും സൈനിക പിൻമാറ്റവും ബന്ദികളുടെ മോചനവും ഉറപ്പാക്കുന്നതാണ് കരാറെന്ന് അദ്ദേഹം വാഷിങ്‌ടണിൽ പറഞ്ഞു. ഖത്തർ പ്രധാനമന്ത്രിയുടെ വെടിനിർത്തൽ പ്രഖ്യാപനത്തിനു പിന്നാലെയാണ് ബൈഡൻ്റെ പ്രഖ്യാപനം.