ന്യൂഡല്‍ഹി ഗാസിപുരില്‍ സ്യൂട്ട്‌കേസിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ അന്വേഷണം എത്തിപ്പെട്ടത് കൊലപാതകത്തില്‍. ഗാസിപുരിലെ വിജനമായ സ്ഥലത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് ഒരു സ്യൂട്ട്കേസ് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്തെത്തിയ പോലീസ് സംഘം സ്യൂട്ട്കേസിനുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തി. “ശരീരം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. കത്തിക്കരിഞ്ഞ സ്യൂട്ട്കേസും അതില്‍ കത്തിക്കരിഞ്ഞ ശരീരവും മാത്രമാണുണ്ടായിരുന്നത്. സ്യൂട്ട്കേസ് കണ്ടെത്തിയ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം തുടങ്ങിയത്.” – ഈസ്റ്റ് ഡൽഹി ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അഭിഷേക് ധനിയ പറഞ്ഞു. സംശയാസ്പദമായി തോന്നിയ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് കണ്ടെത്തി. മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഈ വാഹനം അതിലൂടെ കടന്നുപോകുകയുണ്ടായി.
വാഹനത്തിൻ്റെ നമ്പർ വഴി ഉടമസ്ഥനെ കണ്ടെത്തുകയും ചെയ്‌തു. എന്നാൽ കാർ അമിത് തിവാരി (22) എന്നയാൾക്ക് വിറ്റതായി പഴയ കാറുടമ പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് പോലീസ് അമിത് തിവാരിയെ (22) കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഗാസിയാബാദിലാണ് കാബ് ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അമിത് താമസിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളിൽ കണ്ട ഇയാളുടെ സുഹൃത്ത് അനൂജ് കുമാറിനെയും കസ്റ്റഡിയിലെടുത്തു. വെൽഡിംഗ് മെക്കാനിക്കായി ജോലി ചെയ്യുന്ന അനുജും ഗാസിയാബാദിലായിരുന്നു താമസം. ചോദ്യം ചെയ്യലിൽ നിന്നും മൃതദേഹം തൻ്റെ ബന്ധുകൂടിയായ 22-കാരിയായ ശിൽപ പാണ്ഡയുടേതാണെന്ന് അമിത് വെളിപ്പെടുത്തി. ശിൽപയുമായി തനിക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഒരു വർഷമായി തങ്ങൾ ഒരുമിച്ചു ജീവിക്കുകയായിരുന്നുവെന്നും അമിത് പറഞ്ഞു. ശിൽപ അയാളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നുവെങ്കിലും അമിത് അവളുമായി ബന്ധം പിരിയുവാൻ വേണ്ടി ശ്രമിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി അമിത് മദ്യപിച്ചെത്തിയ ശിൽപയുമായി വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിൻ്റെ ദേഷ്യത്തിൽ അയാൾ അവളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അയാൾ ശിൽപയുടെ മൃതദേഹം ഒരു സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഇതിനായാണ് അയാൾ സുഹൃത്ത് അനൂജിൻ്റെ സഹായവും തേടിയത്, ഒരുമിച്ചു ജീവിക്കാൻ വേണ്ടി കുടുംബം വിട്ടുവരുവാൻ ശിൽപ സമ്മർദം ചെലുത്തിയിരുന്നു. തന്നെയും കുടുംബത്തെയും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്നും അമിത് പോലീസിനോട് പറഞ്ഞു. എവിടെയെങ്കിലും മൃതദേഹം ഉപേക്ഷിക്കാൻ വേണ്ടി പെട്രോൾ പമ്പിൽ നിന്ന് 160 രൂപയ്ക്ക് ഡീസൽ വാങ്ങി തുടർന്ന് ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ഇവർ ശിൽപയുടെ മൃതദേഹം വച്ച സ്യൂട്ട്കേസ് വലിച്ചെറിഞ്ഞ് തീകൊളുത്തുകയായിരുന്നു.