വഞ്ചിയൂരില്‍ പൊതുവഴി തടസപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പെടെ നേതാക്കള്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി. വഞ്ചിയൂര്‍ സമ്മേളനം സംബന്ധിച്ച കോടതിയലക്ഷ്യഹര്‍ജിയിലാണ് നടപടി. വഞ്ചിയൂരിലേത് പ്രതിഷേധത്തിന്‍റെ  ഭാഗമായിരുന്നില്ലെന്നും ഇത്തരം പ്രവണതകള്‍ എല്ലാ ദിവസവും ആവര്‍ത്തിക്കപ്പെടുകയാണെന്നും അത് ചെറുതായി കാണാനാകില്ലെന്നും കോടതി വിലയിരുത്തി. തിരുവനന്തപുരം വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനം നടത്തിനായിട്ടായിരുന്നു റോഡ് ഗതാഗതം തടസപ്പെടുത്തി സ്റ്റേജ് കെട്ടിയത്. പാളയം ഏരിയ സമ്മേളനത്തിന്‍റെ ഭാഗമായി റോഡിന്‍റെ ഒരു വശം പൂർണമായി കെട്ടിയടച്ചായിരുന്നു സമ്മേളന വേദി ഒരുക്കിയത്. ഗതാഗതം തടസപ്പെടുത്തികൊണ്ടുള്ള പൊതുസമ്മേളനങ്ങൾ പാടില്ല എന്ന കോടതി ഉത്തരവ് നില നിൽക്കുമ്പോഴാണ് തിരുവനന്തപുരം ജില്ലാ കോടതിക്ക് മുന്നിൽ തന്നെ റോഡ് തടഞ്ഞ് പാർട്ടി സമ്മേളനം നടത്തിയത്. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് ചീഫ് സെക്രട്ടറി, സംസ്ഥാന ഡിജിപി എന്നിവരെ മാത്രം ഒഴിവാക്കുന്നു എന്നും കോടതി വ്യക്തമാക്കി.

Related Posts