ഡോക്ടറുടെ കുറിപ്പടിയില്ലാതെ ചുമയുടെ മരുന്നുകള്‍ വില്‍ക്കരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദേശം നൽകി. ഡ്രഗ്സ് കണ്‍ട്രോളറാണ് മരുന്നു വ്യാപാരികള്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കുമായി നിര്‍ദേശം നല്‍കിയത്. മധ്യപ്രദേശില്‍ മരുന്ന് കഴിച്ച് 14 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിൻ്റെ സര്‍ക്കുലര്‍.
കുട്ടികളില്‍ ചുമ മരുന്നുകളുടെ കാര്യക്ഷമമായ ഉപയോഗവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നടപടി. രണ്ടു വയസ്സിനു താഴെയുള്ള കുട്ടികള്‍ക്ക് ജലദോഷത്തിനായോ ചുമയ്ക്കായോ ഉള്ള മരുന്നുകള്‍ നല്‍കരുത്. ഒന്നിലധികം മരുന്ന് ചേരുവകള്‍ ചേര്‍ന്നിട്ടുള്ള സംയുക്ത ഫോര്‍മുലേഷനുകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കുറിപ്പടികള്‍ വന്നാലും പ്രസ്തുത മരുന്നുകള്‍ നല്‍കേണ്ടതില്ല. 5 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇത്തരം മരുന്നുകള്‍ ഉപയോഗിക്കേണ്ടി വരുന്ന പക്ഷം ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ള അളവും കാലയളവും കൃത്യതയോടെയും ശ്രദ്ധാപൂര്‍വവും ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കേണ്ടതാണ്.