കോൺഫിഡന്റ് ഗ്രൂപ് ചെയർമാൻ സി.ജെ റോയിയുടെ കേസ് അന്വേഷിക്കുന്ന കർണാടക പൊലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും. കേരളത്തിലെ കോൺഫിഡന്റ് ഗ്രൂപ്പ് ബിസിനസ് സംരംഭങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് സംഘം എത്തുന്നത്. റോയിയുടെ സുഹൃത്തുക്കളുടെയും കമ്പനിയുടെ നിക്ഷേപകരുടെയും മൊഴി കർണാടക പോലീസ് രേഖപ്പെടുത്തും. ബംഗളുരുവിലെ കോൺഫിഡൻസ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫീസിൽ കഴിഞ്ഞയാഴ്ചയാണ് ഇൻകം ടാക്സ് റെയ്ഡിനിടെ സി.ജെ റോയ് സ്വയം വെടിവെച്ച് മരിച്ചത്.
ആദായ നികുതി വകുപ്പിന്റെ പരിശോധനയിലേക്ക് നയിച്ച കാരണങ്ങൾ, സാമ്പത്തിക ഇടപാടുകൾ എന്നിവക്ക് പുറമേ വിഷാദ രോഗത്തിന് ചികിത്സ തേടാനുള്ള കാരണങ്ങളും പ്രത്യേക സംഘം അന്വേഷിക്കുമെന്നാണ് അറിയുന്നത്. കടം വാങ്ങാതെയാണ് കോൺഫിഡന്റ് ഗ്രൂപ് പ്രോജക്ടുകൾ നടപ്പാക്കുന്നതെന്ന് റോയി പറഞ്ഞിട്ടുണ്ട്. ബാങ്കുകളിൽ നിന്ന് വായ്പ എടുക്കാറില്ല.
ഇതൊന്നുമില്ലാതെ വമ്പൻ പ്രോജക്ടുകൾക്ക് എങ്ങനെയാണ് റോയി പണം കണ്ടെത്തിയിരുന്നതെന്ന കാര്യവും പ്രപത്യേക അന്വേഷണ സംഘം അന്വേഷിക്കും. റോയിക്ക് പണം നൽകിയിരുന്നവർ പണം തരിച്ചുചോദിച്ചത് മാനസിക സമ്മർദ്ദത്തിന് ഇടയാക്കിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കും. കമ്പനിയുടെ കേരളത്തിലെ സംരംഭങ്ങളുടെ ചുമതലക്കാരനായ ടി.ജെ ജോസഫിന്റെ മൊഴി ബംഗളുരുവിൽ വെച്ച് പൊലീസ് രേഖപെടുത്തിയിരുന്നു.