കൊച്ചി വൈറ്റില റെയിൽവേ ട്രാക്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ പ്രതി പോലീസിന്റെ പിടിയിൽ. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് മരട് പൊലീസ് എത്തിയത്. ഷാജി എന്നയാളെയാണ് കസ്റ്റഡിയിലെടുത്തത്.
നേരത്തേ, മൃതദേഹത്തിന് സമീപത്തുനിന്ന് കണ്ടെത്തിയ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ കോട്ടയം സ്വദേശിനിയായ സുധ ബേബിയുടേതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഷാജിയും യുവതിയും തമ്മിൽ നേരത്തേ പരിചയമുണ്ടായിരുന്നു.
സംഭവസ്ഥലത്തുവച്ച് ഇവർ തമ്മിൽ വാക്കുതർക്കമുണ്ടാവുകയും തുടർന്ന് യുവതിയെ ശാരീരികമായി ഉപദ്രവിച്ചശേഷം കൊന്ന് റെയിൽവേ ട്രാക്കിൽ തള്ളുകയായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. എറണാകുളം-കോട്ടയം ട്രാക്കിന്റെ സർവീസ് ഇല്ലാതെ കിടക്കുന്ന പാളത്തിലാണ് മൃതദേഹം തള്ളിയത്.
പ്രതി ഉപയോഗശൂന്യമായ പാളമെന്ന് തിരിച്ചറിയാതെയാവാം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ചോദ്യംചെയ്യുന്നതോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തവരും.