കർണാടകയിലെ ട്രക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാനടപടിക്രമത്തിന് രൂപംനൽകാൻ വനംമന്ത്രി ഈശ്വർ ബി. ഖന്ദ്ര വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കർണാടക വനംവകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന് ഇതുസംബന്ധിച്ച് രേഖാമൂലം നിർദേശംനൽകി. മലയാളി യുവതി ശരണ്യ കഴിഞ്ഞദിവസം ട്രക്കിങ്ങിനിടെ വനത്തിൽ കുടുങ്ങിയിരുന്നു. കൂടാതെ കഴിഞ്ഞ ദിവസം ചിക്കമഗളൂരുവിൽ 15-കാരി ശ്രീനന്ദയെ കാണാതായി. ഇതേത്തുടർന്നാണ് കൂടുതൽ സുരക്ഷാനടപടികൾക്ക് മന്ത്രിയുടെ അടിയന്തര ഇടപെടൽ.

സഞ്ചാരികളുടെ സുരക്ഷയ്ക്കായി ഒരു മൊബൈൽ ആപ്പ് വികസിപ്പിക്കും. ആപ്പ് മലകയറുന്നവരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യണം. വഴിതെറ്റുന്നവരെ ട്രാക്ക് ചെയ്യുന്നത് എളുപ്പമാക്കാനുള്ള ആപ്പാണ് വികസിപ്പിക്കുക. ഗൈഡുകൾക്ക് വയർലെസ് കമ്യൂണിക്കേഷൻ സെറ്റുകൾ ഏർപ്പെടുത്തും. ട്രക്കിങ്ങിനെത്തുന്നവർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള നടപടിക്ക് മന്ത്രി നിർദേശിച്ചു. സഞ്ചാരികളിൽനിന്ന് ഫീസ് വാങ്ങിയിട്ടും അവർക്കാവശ്യമായ സൗകര്യങ്ങൾ കേന്ദ്രത്തിലൊരുക്കുന്നില്ലെന്നാണ് പൊതുവെയുള്ള വിമർശനം. ഇതേത്തുടർന്നാണ് അടിയന്തരമായി ട്രക്കിങ് കേന്ദ്രങ്ങളിൽ സുരക്ഷാനടപടിക്രമത്തിന് രൂപംനൽകാൻ മന്ത്രിയുടെ നിർദേശം.

Related Posts