ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘത്തിൻ്റെ പരിശോധനക്കിടെ ബുധനാഴ്‌ച രാത്രി കൊച്ചിയിലെ പി.ജി.എസ് വേദാന്ത ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോ പൊലീസിൽ ഹാജരായി. ശനിയാഴ്‌ച രാവിലെ 10 മണിയോടെ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ആണ് നടൻ ഹാജരായത്. 10 മണിക്ക് കൊച്ചി നോർത്ത് സ്റ്റേഷനിൽ ഹാജരാകാൻ അവശ്യപ്പെട്ട് വെള്ളിയാഴ്ച പൊലീസ് നോട്ടീസ് നൽകിയിരുന്നു.

ഷൈനെ സെൻട്രൽ എ.സി.പി സി. ജയകുമാറിൻ്റെ നേതൃത്വത്തിലാകും ചോദ്യം ചെയ്യുക. ചോദ്യം ചെയ്യൽ ഉടൻ ആരംഭിക്കും. 32 ചോദ്യങ്ങൾ അടങ്ങിയ ചേദ്യാവലി പൊലീസ് തയാറാക്കിയിട്ടുണ്ട്. കൊച്ചിയിലെ വേദാന്ത ഹോട്ടലിൽ നിന്ന് ബുധനാഴ്‌ച രാത്രി രക്ഷപെട്ടതിൻ്റെ കാരണം കണ്ടെത്തുകയാണ് പൊലീസിൻ്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം തൃശൂർ കയ്പമംഗലത്തെ വീട്ടിലെത്തിയ എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥർ ഷൈനിൻ്റെ പിതാവ് ചാക്കോക്ക് നോട്ടീസ് കൈമാറിയിരുന്നു.

ഷൈൻ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് പിതാവ് അറിയിക്കുകയായിരുന്നുവെങ്കിലും 10 മണിക്ക് മുമ്പായി ഷൈൻ എത്തിച്ചേരുകയായിരുന്നു. മറ്റൊരു ലഹരി ഇടപാടുകാരനെ തേടിയാണ് ബുധനാഴ്‌ രാത്രി 10.45ഓടെ ഡാൻസാഫ് സംഘം കലൂരിലെ സ്വകാര്യ ഹോട്ടലിൽ എത്തിയത്. ഇയാളുടെ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഡാൻസാഫ് സംഘം ഷൈൻ താമസിച്ചിരുന്ന സ്വകാര്യ ഹോട്ടലിൽ എത്തിയത്. എന്നാൽ, ആളെ കണ്ടെത്തിയിരുന്നില്ല.

Related Posts