കൊച്ചി നഗരത്തിലെ പഞ്ച നക്ഷത്ര ഹോട്ടലിൽ നിന്ന് മയക്കുമരുന്നുമായി യുവതികളുൾപ്പെടെ എട്ടു പേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ ആണ് ഡോക്ടറും അഭിഭാഷകനും ഇവന്റ് മാനേജ്മെൻ്റ് സ്ഥാപന ഉടമയുമടക്കും എട്ട് പേർ പിടിയിലായത്.
ഇവന്റ് മാനേജ്മെൻ്റ് സ്ഥാപന ഉടമ തിരുവനന്തപുരം ശംഖുമുഖം ലീല ഹൗസിൽ ഷാജി ഫെർണാണ്ടോ (ഷോൺ, 44), ഇടപ്പള്ലിയിലെ റെസ്റ്റോറൻ്റ് ഉടമ കലൂർ കെൻ്റ് പാം ഫ്ലാറ്റിൽ ഓസ്റ്റിൻ ജോസ് (31), അഭിഭാഷകനായ കലൂർ ലോട്ടസ് വീട്ടിൽ രോഹിത് നായർ (25), കെമിക്കൽ ട്രീറ്റ്മെൻ്റ് ബിസിനസുകാരൻ ആലുവ കടുങ്ങല്ലൂർ ഒബ്രോൺ അപ്പാർട്ട്മെൻ്റിൽ ജിനോ മുരളി, ന്യൂട്രിഷ്യൻ ആലപ്പുഴ നൂറനാട് ഇലവുകാട്ടയ്യത്ത് തെക്കേതിൽ വീട്ടി ൽ അക്ബർ ഷാ (30), ദന്ത ഡോക്ടർ പന്തളം മെയ്ഫെയർ വീട്ടിൽ ബെൻസി റാവുത്തർ (29), ഫിസിയോ തെറാപ്പിസ്റ്റ് കൊല്ലം ചടയമംഗലം എസ്.ആർ.എച്ച് വീട്ടിൽ സെയ്തലി ഫാത്തിമ (29), എവിയേഷൻ വിദ്യാർത്ഥിനി കണ്ണൂർ അഞ്ചരകണ്ടി പൂക്കൊത്തു പാളയം വീട്ടിൽ അമൽ റൗഫ് (26) എന്നിവരെയാണ് കടവന്ത്ര പൊലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്.
5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 0.34 ഗ്രാം കൊക്കെയ്ൻ, 0.36 ഗ്രാം മെത്താംഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. ഇവൻ്റ് മാനേജ്‌മെന്റിൻ്റെ മറവിൽ മയക്കു മരുന്നുകൾ വില്പന നടത്തു ന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് ഷോൺ എന്ന് പോലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം ഡി.ജെ പാർട്ടി നടക്കുന്ന സ്ഥലങ്ങളിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.