പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ അമേരിക്കയും ഇറാനും തമ്മിൽ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ 14 മണിക്കൂറുകൾക്കൊടുവിൽ താൽക്കാലികമായി പിരിഞ്ഞു. ശനിയാഴ്ച ആരംഭിച്ച ചർച്ചകൾ സമയം അർധരാത്രി പിന്നിട്ടും തുടർന്നു. അഭിപ്രായവ്യത്യാസങ്ങളിൽ കൃത്യമായ ധാരണയിലെത്താൻ ഇരുരാജ്യങ്ങൾക്കും സാധിക്കാത്ത സാഹചര്യത്തിൽ ഞായറാഴ്ചയും ചർച്ചകൾ തുടരുമെന്ന് ഇറാന്റെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചില വിഷയങ്ങളിൽ ഭിന്നത നിലനിൽക്കുന്നുണ്ടെങ്കിലും ചർച്ചകൾ തുടരുമെന്ന് ഇറാൻ സർക്കാർ അറിയിച്ചു. ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലിയാണ് ഇരുരാജ്യങ്ങളും തമ്മിൽ പ്രധാനമായും തർക്കം നിലനിൽക്കുന്നത്. മേഖലയിലെ സുരക്ഷയെയും ആധിപത്യത്തെയും സംബന്ധിച്ച വിഷയങ്ങളിൽ സമവായത്തിലെത്താൻ കഴിഞ്ഞിട്ടില്ല. ഇതാണ് ചർച്ചകൾ നീണ്ടുപോകാൻ കാരണമായ പ്രധാന പ്രതിസന്ധിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.