നാസയുടെ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 2 ഭൂമിയിലേക്കുള്ള ദീര്‍ഘദൂര മടക്കയാത്ര ആരംഭിച്ചു. ഇന്നലെ ഇന്ത്യന്‍ സമയം രാത്രി 10:55ന് യാത്രാ പേടകമായ ഓറിയോണ്‍ ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ പരിധിയിൽനിന്നു പുറത്തെത്തി.
ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തെ ഒരു ‘സെലസ്റ്റിയല്‍ സ്ലിംഗ്ഷോട്ട്’ (ജ്വലനം നടത്താതെ മറ്റൊരു ഗ്രഹത്തിന്റെ ഗുരുത്വാകർഷണ ബലത്തെ ഉപയോഗിച്ച് കൃത്രിമ ഉപഗ്രഹം ദിശാമാറ്റം നടത്തുകയും വേഗം കൈവരിക്കുകയും ചെയ്യുന്ന തന്ത്രം) പോലെ ഉപയോഗപ്പെടുത്തി തിരികെ വരാനാവശ്യമായ വേഗം നേടിയാണു പേടകം മടക്കയാത്ര ആരംഭിച്ചത്. നിലവിൽ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തിനു കീഴിലാണ് പേടകം സഞ്ചരിക്കുന്നത്. ഇന്ത്യൻ സമയം പതിനൊന്നാം തീയതി ശനിയാഴ്ച പുലർച്ചെ 5.37ന് തിരിച്ചെത്തുന്ന വിധമാണ് മടങ്ങിവരവു ക്രമീകരിച്ചിരിക്കുന്നത്.