ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ടീം ഇന്ത്യ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ കടന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസെന്ന കൂറ്റൻ സ്കോറാണ് പടുത്തുയർത്തിയത്. ടി20 ലോകകപ്പിന്റെ നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന റെക്കോർഡും ഈ ഇന്നിങ്സിലൂടെ ഇന്ത്യ സ്വന്തമാക്കി.
സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. വെറും 42 പന്തുകളിൽ നിന്ന് ഏഴ് സിക്സറുകളും എട്ട് ഫോറുകളും ഉൾപ്പെടെ 89 റൺസാണ് സഞ്ജു അടിച്ചുകൂട്ടിയത്. സഞ്ജുവിന് പുറമെ ശിവം ദുബെ 25 പന്തിൽ 43 റൺസും ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസും നേടി മികച്ച പിന്തുണ നൽകി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് വിട്ടുകൊടുക്കാൻ തയ്യാറാകാതെ പൊരുതിയതോടെ മത്സരം ആവേശത്തിന്റെ കൊടുമുടിയിലെത്തി. യുവതാരം ജേക്കബ് ബെഥേൽ നേടിയ തകർപ്പൻ സെഞ്ചുറി ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയിരുന്നു.
48 പന്തുകളിൽ നിന്ന് 105 റൺസ് നേടിയ ബെഥേലിന്റെ പ്രകടനം ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയെങ്കിലും അവസാന ഓവറുകളിൽ ഇന്ത്യൻ ബൗളർമാർ കരുത്തുകാട്ടി.
അവസാന ഓവറിൽ 30 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെ ഹാർദിക് പാണ്ഡ്യയുടെ തകർപ്പൻ ത്രോയിൽ ബെഥേൽ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു.
നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എടുക്കാനേ ഇംഗ്ലണ്ടിന് സാധിച്ചുള്ളൂ. ജസ്പ്രീത് ബുംറ തന്റെ നാല് ഓവറിൽ 33 റൺസ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിൽ നിർണ്ണായകമായി.
അർഷ്ദീപ് സിങ്ങും ഹാർദിക് പാണ്ഡ്യയും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി സമ്മർദ്ദം നിലനിർത്തി. ഈ വിജയത്തോടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും. ആദ്യ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് കിവികൾ ഫൈനലിലെത്തിയത്.