ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിലേക്കെത്തുമ്പോള്‍ ഭാരതം സമനിലയ്‌ക്കായി പൊരുതേണ്ട ദുരവസ്ഥയില്‍. ഇതുവരെ നടന്ന ഒരു മത്സരത്തില്‍ ജയിച്ചപ്പോള്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഗബ്ബയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയാലാക്കിയതിൻ്റെ ക്രെഡിറ്റ് മഴയ്‌ക്ക് ആണ് നല്‍കേണ്ടിവരുക . മെല്‍ബണില്‍ കഴിഞ്ഞ മത്സരം സമനിലയിലാക്കിയിരുന്നെങ്കില്‍. ഏതെങ്കിലുമൊരു സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍ വിചാരിച്ചിരുന്നെങ്കില്‍ മെല്‍ബണിലെ അഞ്ചാം ദിവസം ഭാരതത്തിന് മത്സരം തീര്‍ച്ചയായും സമനിലയിലാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ ഓസീസിന് മുന്നില്‍ ടെസ്റ്റ് അടിയറവയ്‌ക്കുന്ന കാഴ്‌ച്ചയാണ് കണ്ടത്. നാലും അഞ്ചും ദിവസങ്ങളില്‍ മെല്‍ബണിലെ പിച്ച് ബാറ്റിങ്ങിന് അനുകൂലമായ സമയത്താണ് ഭാരതത്തിൻ്റെ പതനം എന്നത് ശ്രദ്ധേയമാണ്. സിഡ്‌നിയില്‍ നാളെ അഞ്ചാം മത്സരത്തിനിറങ്ങുമ്പോള്‍ സ്ഥിതിഗതികളില്‍ മാറ്റമൊന്നും വരാനില്ല. യുവനിരയാണ് ഭാരതത്തെ ഇത്രത്തോളമെങ്കിലും എത്തിച്ചത്. ബാറ്റിങ്ങില്‍ ടെസ്റ്റിന് അനുയോജ്യനായൊരു വന്‍മതില്‍ ഇല്ലെന്നാണ് നിലവില്‍ ഭാരതം നേരിടുന്ന കടുത്ത വെല്ലുവിളി. ഇതിനെല്ലാറ്റിനും ഉപരിയായി ഭാരതത്തിൻ്റെ ഇത്തവണത്തെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്നത് ബാലികേറാ മലയായി നില്‍ക്കുന്നുണ്ട്. സിഡ്‌നിയില്‍ മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കിയാല്‍ പോലും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാനാകില്ല.ഇതിന് ശേഷം ഓസ്‌ട്രേലിയക്ക് ശ്രീലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളുണ്ട്. അതില്‍ രണ്ടും പരാജയപ്പെട്ടില്ലെങ്കില്‍ മാത്രമേ ഭാരതത്തിന് പ്രതീക്ഷയ്‌ക്ക് വകയുള്ളൂ.

Related Posts