വിള ഇന്‍ഷുറന്‍സ് പദ്ധതിയായ പ്രധാനമന്ത്രി ഫസല്‍ ബീമാ യോജന 2026 വരെ നീട്ടാന്‍ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായെന്ന് കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ 2024 ൽ നാലു കോടിയിലധികം കര്‍ഷകര്‍ക്ക് ആനുകൂല്യം ലഭിച്ചതായും കേന്ദ്ര മന്ത്രി പറഞ്ഞു. പിഎം ഫസല്‍ ബീമാ യോജന 2026 വരെ നീട്ടുന്നതിന് ഇന്നലെ കേന്ദ്രമന്ത്രിസഭ അംഗീകാരംനല്‍കി. വിത്ത് വിതയ്ക്കുന്നത് മുതല്‍ വിള സംഭരണം വരെയായിരിക്കും ഇന്‍ഷുറന്‍സ് കവറേജ്. കഴിഞ്ഞ വര്‍ഷം എട്ടു കോടിയിലധികം കര്‍ഷകരില്‍ നിന്ന് അപേക്ഷകള്‍ ലഭിച്ചു, 4 കോടിയിലധികം കര്‍ഷകര്‍ക്ക് 1,70,000 കോടി രൂപ ക്ലെയിമായി ലഭിച്ചെന്നും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഡി-അമോണിയം ഫോസ്‌ഫേറ്റ് മുന്‍കൂറായി സംഭരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നും ഇതിനായി 3850 കോടി അനുവദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അരി കയറ്റുമതി ചെയ്യാനാണ് മറ്റൊരു തീരുമാനം. അരിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില എടുത്തുകളഞ്ഞു. ഇന്ത്യയും ഇന്‍ഡോനീഷ്യയും തമ്മില്‍ ബസ്മതി ഇതര വെള്ള അരിയുടെ വ്യാപാരം സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. ഇന്ത്യ ഒരു ദശലക്ഷം മെട്രിക് ടണ്‍ ബസുമതി ഇതര വെള്ള അരി കയറ്റുമതി ചെയ്യും മന്ത്രി പറഞ്ഞു.

Related Posts