പോലീസ് സേനയിൽ ഒഴിവുള്ള 8,000 തസ്തികകൾ ഉടൻ നികത്തുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. സേനയിലെ 4,911 തസ്തികകളിൽ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് നിയമനം നടത്തിയതായി മുഖ്യമന്ത്രി അറിയിച്ചു.
46-ാമത് സബ് ഇൻസ്പെക്‌ടർ(സിവിൽ) ട്രെയിനി ബാച്ചിൻ്റെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 327 സബ് ഇൻസ്പെക്‌ടർമാരാണ് പുതിയ ബാച്ചിൽ സേനയുടെ ഭാഗമായി.

പോലീസ് ഉദ്യോഗസ്ഥർ സർക്കാരിൻ്റെ പ്രതിനിധികളായാണ് പ്രവർത്തിക്കേണ്ടതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. സത്യസന്ധതയോടും ആത്മാർഥതയോടും കൂടി സമൂഹത്തെ സേവിക്കാൻ പോലീസ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ക്രമസമാധാനപാലനമാണ് അവരുടെ പ്രാഥമിക ഉത്തരവാദിത്വമെന്നും ചൂണ്ടിക്കാട്ടി. പൊതുജനങ്ങളോട് മനുഷ്യത്വത്തോടെ പെരുമാറണമെന്നും എന്നാൽ കുറ്റവാളികളോട് വിട്ടുവീഴ്‌ച പാടില്ലെന്നും ഓർമിപ്പിച്ചു. മയക്കുമരുന്ന് രഹിത സമൂഹം യാഥാർഥ്യമാക്കാൻ പോലീസ് ഉദ്യോഗസ്ഥർ പ്രയത്നിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാർ പ്രലോഭനങ്ങൾക്ക് വഴങ്ങരുതെന്നും പറഞ്ഞു.

മൈസൂരുവിലെ കർണാടക പോലീസ് അക്കാദമിയിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ആഭ്യന്തര മന്ത്രി ജി.പരമേശ്വര, മന്ത്രി എച്ച്.സി.മഹാദേവപ്പ, പോലീസ് മേധാവി എം.എ.സലീം എന്നിവരും പങ്കെടുത്തു.

Related Posts