യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതി രണ്ടു തവണ ആത്മഹത്യക്ക് ശ്രമിച്ചതായി വെളിപ്പെടുത്തൽ. രാഹുലിൽ നിന്നുണ്ടായ പീഡനങ്ങളെയും നിർബന്ധിത ഗർഭഛിദ്രത്തെയും തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ആദ്യ ശ്രമത്തിൽ അമിത അളവിൽ മരുന്നു കഴിച്ചതിനെത്തുടർന്ന് യുവതി ഏതാനും ദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതായും യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഗർഭഛിദ്രത്തിനായി രണ്ട് ഗുളികകൾ തന്നെക്കൊണ്ട് നിർബന്ധിച്ച് കഴിപ്പിച്ചതായി യുവതി ഡോക്ടറോട് വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ പൂട്ടാനുറച്ച് പൊലീസ്. മുൻകൂർ ജാമ്യത്തെ എതിർത്ത് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും. മെഡിക്കൽ, ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ഹാജരാക്കും. രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചെന്ന് അന്വേഷണസംഘം ഉറപ്പിച്ച് കഴിഞ്ഞു. ആശുപത്രി രേഖകളും ഫോൺ സംഭാഷണവും അടക്കം ഒട്ടേറെ തെളിവുകൾ ഉണ്ടെന്നും അന്വേഷണസംഘം അറിയിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിൻ്റെ മുൻകൂർ ജാമ്യത്തെ എതിർത്ത് കോടതിയിൽ റിപ്പോർട്ട് നൽകുകയെന്നും അന്വേഷണസംഘം വ്യക്തമാക്കി.

Related Posts