മുബൈയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിൻ്റെ പേരിൽ യുവതിയെ ഭർതൃമാതാവും ഭർതൃസഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതായി പരാതി. ഉത്തരമഹാരാഷ്ട്ര ജൽഗാവിലെ കിനോഡ് ഗ്രാമനിവാസിയായ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. കൊല നടത്തിയെന്ന് സംശയിക്കുന്ന ഭർത്താവും കുടുംബാംഗങ്ങളും ഒളിവിലാണ്.
അടുക്കളയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്യാനായി എത്തിയ യുവതിയോട് ഭർതൃമാതാവും ഭർതൃസഹോദരിയും മോശമായി പെരുമാറിയെന്നും പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലേക്കും എത്തുകയായിരുന്നെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
മൃതദേഹം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ സാരിത്തുമ്പിൽ കെട്ടിത്തൂക്കിയെന്നും സ്ത്രീധനത്തിൻ്റെ പേരിൽ യുവതിയെ മുൻപും ഇത്തരത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരണപ്പെട്ട യുവതിക്ക് 7 വയസ്സുള്ള മകളും 5 വയസ്സുള്ള മകനുമുണ്ട്.