ബെംഗളൂർ കലബുറഗിയിലെ ഗാസിപുരിൽ വീട്ടിലെ ജോലിക്കാരിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ഭർത്താവിൻ്റെ കാൽ തല്ലിയൊടിക്കാൻ അഞ്ചുലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകിയ ഭാര്യ അറസ്റ്റിലായി. സംഭവത്തിൽ ക്വട്ടേഷൻ ഏറ്റെടുത്ത മൂന്നംഗസംഘത്തെയും പോലീസ് അറസ്റ്റു ചെയ്തു.
ഗാസിപുർ അട്ടാർ കോമ്പൗണ്ട് സ്വദേശി വെങ്കടേശ് മാലി പാട്ടീലാണ് ആക്രമണത്തിനിരയായത്. മർദനത്തിൽ വെങ്കടേശിന് രണ്ടുകാലിനും ഒരു കൈയ്ക്കും പരിക്കുപറ്റി ചികിത്സയിലാണ്. വെങ്കടേശിൻ്റെ മകൻ നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് നാലുപേരെയും അറസ്റ്റുചെയ്യുകയായിരുന്നു.
ഇദ്ദേഹത്തിൻ്റെ ഭാര്യ ഉമാദേവി, ആക്രമണം നടത്തിയ മനോഹർ, സുനിൽ, ആരിഫ് എന്നിവരെയാണ് ബ്രഹ്‌മപുര പോലീസ് അറസ്റ്റുചെയ്തത്. ഉമാദേവിയുടെ നിർദേശപ്രകാരം ആരിഫും മനോഹറും സുനിലും ചേർന്ന് വെങ്കടേശിനെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അഞ്ചുലക്ഷം രൂപയാണ് പ്രതിഫലം വാങ്ങിയത്.