വയനാട് എംപി പ്രിയങ്ക ഗാന്ധി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതർക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടുകൾക്ക് തറക്കല്ലിട്ടു. 6 മാസത്തിനുള്ളില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാനാണ് പദ്ധതി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള ധന സഹായവും പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ കൈമാറി. 5 ലക്ഷം രൂപ വീതം 40 പേര്‍ക്കാണ് കൈമാറിയത്.
‘വയനാട്ടിലെ ജനങ്ങൾ ദുരന്തത്തെ ധീരതയോടെ നേരിട്ടു. വയനാടൻ ജനത സമാനതകളില്ലാത്ത ധീരതയാണ് കാണിച്ചത്. പദ്ധതിക്കായി ഭൂമി കണ്ടെത്തുന്നതിൽ നിരവധി പ്രതിസന്ധികൾ ഉണ്ടായെങ്കിലും വയനാട്ടിലെ ജനങ്ങൾക്കൊപ്പം കോൺഗ്രസ് എന്നും ഉണ്ടാകുമെന്നും’ രാഹുൽ ഗാന്ധി ഉറപ്പുനൽകി.
മുസ്ലീം ലീഗിന്റെ പുനരധിവാസ പ്രവർത്തനങ്ങളെയും രാഹുൽ ഗാന്ധി അഭിനന്ദിച്ചു. രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും സഹായിക്കാൻ മുന്നോട്ടുവന്നത് വലിയ കാര്യമാണെന്നും ദുരന്തബാധിതരുടെ വിഷയം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ പാർലമെന്റിൽ നിരന്തരം ശബ്ദമുയർത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.