തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ പൊലീസ് ആശുപത്രിയിൽ കഴിയുന്ന പ്രതി അഫാനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെങ്കിലും ഇന്നു കൂടി ആശുപത്രിയിൽ തുടരും.

അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതക കാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്. കേസിൽ മുഖ്യസാക്ഷി, പ്രതിയുടെ അമ്മ തന്നെയാണ്. സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന അവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തും.

ഡോക്ടർമാരോട് ഇതിനുള്ള അനുമതി പൊലീസ് തേടിയിട്ടുണ്ട്. കൊലപ്പെടുത്താനുപയോഗിച്ച ചുറ്റികയിൽ രക്തക്കറയും ഫൊറൻസിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കൂട്ടക്കൊലയക്ക് പിന്നിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല.

ഗൾഫിലുള്ള ബാപ്പയുടെ കടം തീർക്കാൻ പണം തരാത്തതിൻ്റെ പ്രതികാരമായാണ് ബന്ധുക്കളെ കൊന്നതെന്നായിരുന്നു അഫാൻ നേരത്തെ നൽകിയ മൊഴി. ആറുപേരെ കൊലപ്പെടുത്തിയെന്ന് പറഞ്ഞ് വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് ഇന്നലെ കയറിച്ചെന്ന അഫാനെ ചുറ്റിപ്പറ്റി ഇപ്പോഴും ഒരുപാട് സംശയങ്ങൾ ബാക്കിയാണ്.

Related Posts